റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

അഹ്മദ് യാർഖാൻ അന്നഈമിക്ക് ഒരു ഗ്രന്ഥമുണ്ട്. “ശാനേ ഹബീബുറഹ്മാൻ മിൻ ആയാതിൽ ഖുർആൻ’- ഖുർആൻ റസൂലിന്റെ മഹത്വം എന്നാണതിന്റെ പേര്. പ്രവാചകാനുരാഗികൾ ഖുർആൻ മനസിലാക്കുന്നതിന്റെ ഒരു രീതിശാസ്ത്രം അതിൽ വിശദീകരിക്കുന്നുണ്ട്. ഖുർആന്റെ ആശയതലങ്ങളിലും വിശ്വാസ, അനുഷ്ഠാന നിയമങ്ങളിലും ഊന്നി വ്യാഖ്യാനങ്ങൾ പകർത്തിയവരുണ്ട്. എന്നാൽ ഖുർആനിലെ ഓരോ സൂക്തങ്ങളിലും മുഹമ്മദ് റസൂലിനെ(സ്വ) എങ്ങനെ അനുഭവിക്കാം എന്ന വീക്ഷണത്തോടെയാണ് അനുരാഗികൾ ഖുർആൻ ഓതുന്നത്. ലോകത്തിനാകെ മാർഗദർശനമായ അതുല്യ വേദഗ്രന്ഥം എന്നതിനപ്പുറം, അല്ലാഹു അവന്റെ ഇഷ്ടപാത്രമായ റസൂലിനോട് ഇരുപത്തിമൂന്നു വർഷത്തെ ദൗത്യജീവിതത്തിനിടയിൽ നടത്തിയ സംഭാഷണങ്ങൾ എന്ന തലത്തിന് ഊന്നൽ നൽകിയാണിവിടെ സൂക്തങ്ങൾ വിലയിരുത്തുന്നത്. ഓരോ സൂക്തങ്ങളുടേയും അവതരണ പശ്ചാതലം എന്നതിന്റെ അർഥം ഖുർആനിലെ ഒരു വാചകം അവതരിക്കുമ്പോൾ റസൂൽ (സ്വ) ഏതവസ്ഥയിൽ, എവിടെയായിരുന്നു എന്നാണ്. ഓരോ സന്ദർഭങ്ങളിലും ഖുർആൻ അവതരിച്ചത് അവിടുത്തെ മനോഗതികളെയും ശരീരാവസ്ഥയെയും കാലാവസ്ഥയെയും അറിഞ്ഞു കൊണ്ടായിരുന്നു- പുതച്ചു കിടക്കുന്നവരേ എന്നു വിളിക്കുന്ന ഖുർആൻ തുടർന്നുള്ള ഓരോ സൂക്തത്തിലും മുത്തു നബിയുടെ ആ അവസ്ഥ പരിഗണിക്കുന്നു. രോഗശയ്യയിൽ വിശ്രമിക്കുന്ന, ഒരാളോട് നാം കൊച്ചു വാചകങ്ങൾ പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരു രീതി. എഴുന്നേൽക്കൂ, താക്കീതു നൽകൂ, പരിപാലകനെ (അല്ലാഹുവിനെ) വാഴ്ത്തൂ. മുത്തുനബിയുടെ അപ്പോഴത്തെ മാനസികാവസ്ഥയെ വളരെ കൃത്യമായി പരിഗണിക്കുന്നതിന്റെ നേർകാഴ്ചയാണ് ഖുർആനിലെ സൂറതുൽ മുദ്ദസിർ എഴുപത്തിനാലാം അധ്യായം.

ഖുർആനിലെ സൂക്തങ്ങളെ കുറിച്ച് മക്കിയ്യ് ( മക്കയിൽ അവതരിച്ചത്), മദനിയ്യ് (മദീനയിൽ അവതരിച്ചത്), സഫരിയ്യ് (യാത്രയിൽ അവതരിച്ചത്), ഹളരിയ്യ് (യാത്രയിൽ അല്ലാത്തപ്പോൾ) എന്നിങ്ങനെയുള്ള പഠനങ്ങളുണ്ട്. ഇവകളുടെ ആകത്തുക ഖുർആനിലെ ഓരോ സൂക്തങ്ങൾക്കു പിന്നിലും മുത്തുനബിയുടെ ജീവിത ചലനങ്ങളുണ്ട് എന്നാണ്.

അല്ലാഹു അവന്റെ റസൂലിനെ സംബോധന ചെയ്യുന്ന വചനങ്ങൾ എന്ന അർഥത്തിൽ ഖുർആനിനെ അടുത്തറിയുമ്പോൾ കൗതുകങ്ങൾ ഏറെയുണ്ട്. അല്ലാഹു വ്യത്യസ്ത ഓമനപ്പേരുകളിൽ പ്രിയനെ വിളിക്കുന്നു. ത്വാഹാ, യാസീൻ, ഹാമീം ഇങ്ങനെ തുടരുന്നു അത്. “തങ്ങൾക്ക് ഈ ഖുർആൻ അവതരിപ്പിച്ചു തരുന്നത് ഒരു പ്രയാസമാകുന്നുണ്ടോ? വേണ്ട വിഷമിക്കണ്ട, നാം തന്നെ അങ്ങയുടെ ഹൃദയത്തിൽ അതു നിലനിർത്തിത്തരാം.’ ഈ ആശയങ്ങൾ പകർന്നുതരുന്ന ത്വാഹാ അധ്യായത്തിന്റെ പ്രയോഗങ്ങൾ ഒരു അനുരാഗിയെ എത്രത്തോളമാണ് ത്രസിപ്പിക്കുന്നത്? ജലാലുദ്ദീൻ റൂമിയുടെ വരികൾ നോക്കൂ:
“ലോട്ട് ആയെ
ജിതനെ ഫർസാനെ ഗയേ-
താബയെ മൻസിൽ
സിർഫ് ദീവാനെ ഗയേ’
യുക്തി കൈമുതലാക്കി സഞ്ചരിച്ച പലരും ലക്ഷ്യം പ്രാപിക്കാതെ മടങ്ങിപ്പോന്നു. പക്ഷേ, അനുരാഗികൾ ലക്ഷ്യം കണ്ടു.
വചനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന റസൂലിന്റെ വ്യക്തിത്വത്തെ പൂവിതളുകളിൽ ചേർന്നിരിക്കുന്ന സൗരഭ്യത്തോടാണ് റൂമി തുലനം ചെയ്തത്
“ദർ സഖൻ മഖ്ഫീ മനം ചൂ
ചൂയേ ഗുൽ ദർ ബർഗെ ഗുൽ’
My true identity is hidden with in my speech
Just like the fragrance of a flower within the petals
പദാവലികളുടെ നിഘണ്ടു പ്രയോഗങ്ങൾ വെച്ച് ഖുർആൻ സാരംതേടിപ്പോയവർക്കു മടങ്ങിപ്പോരേണ്ടിവന്നു. പ്രണയത്തിന്റെ മധുരം അനുഭവിക്കാൻ അവർക്കു കഴിയില്ല. അവർക്കു മതം എന്നാൽ ഹൃദയം തൊടാത്ത വരണ്ട സിദ്ധാന്തമായിരിക്കും. മീലാദിന്റെ ആനന്ദം ഒരു പ്രകടന പത്രികയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഹൃദയ /പാത്രത്തോടുള്ള അനുരാഗത്തിന്റെ പ്രതി സ്ഫുരണമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ഇമാം ബൂസ്വീരീ ഈ ആശയം പാടിത്തരുന്നത് ഇങ്ങനെയാണ്. യാ ലാഇമീ ഫിൽ ഹവാ… പ്രണയത്തിന്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവരെ, നീതിപൂർവം എന്നെ ഒന്നു നിരീക്ഷിച്ചാൽ എന്നെ ആക്ഷേപിക്കാൻ കഴിയില്ല. പ്രണയിച്ചു എന്നതാണതിന്റെ കാരണം എന്നു സാരം.
റൂമിയുടെ പ്രണയ സഞ്ചാരം ചിലപ്പോൾ ആത്മാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങും. ചിലപ്പോൾ ഉപരിലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കും. ഒപ്പം തിരുനബിയുടെ ആകാശാരോഹണവും ചേർന്നു നിൽക്കും. മസ്നവിയിൽ ഇങ്ങനെ വായിക്കാം.
“ജിസ് മെ ഖാക്
അസ് ഇശ്ഖ് ബർ അഫ്്ലാക് ശുദ്
കോഹ് ദർ റുഖ്‌സ്
ആമദ് വ ചാലാക് ശുദ്’
പ്രകാശത്താൽ ഉയിർക്കൊണ്ട മലക്ക് ജിബ്്രീലിനെയും വിട്ട് മണ്ണിൽ ഉയിർക്കൊണ്ട അനുരാഗി (റസൂൽ) ഉന്നതങ്ങളിലേക്ക് ഉയർന്നു. അല്ലാഹുവിനും റസൂലിനുമിടയിലുള്ള പ്രണയത്തിന്റെ സംഗമമായിട്ടാണ് റൂമി മിഅ്റാജിനെ വായിച്ചത്.

സൂഫിയുടെ അകത്ത് യുദ്ധവും കോടതിയുമില്ല. ഹൃദയവും പ്രണയവും സഹിഷ്ണുതയും ആർദ്രതയുമാണ് നിറഞ്ഞു നിൽക്കുന്നത്. റസൂലിനോടുള്ള അനുരാഗത്തിൽ നിന്ന് പകർന്നെടുത്തതാണവ. അകക്കണ്ണുകൊണ്ട് റസൂലിനെ പ്രാപിക്കുകയും ഹൃദയം കൊണ്ട്‌ ദർശനം നിലനിർനിർത്തുകയും ചെയ്തവരാണ് സൂഫികൾ. നബിപാഠങ്ങളുടെ പുറം വായനകൾ നടത്തി ആത്മജ്ഞാനികളെ അളന്നെടുക്കുന്നവർക്ക് നബിയെ അനുഭവിച്ചവരുടെ വാക്കുകൾ ചിന്തിക്കാൻ കഴിയില്ല. സഅദി ശീറാസി ആധ്യാത്മിക ലോകത്തെ എക്കാലത്തെയും ഉന്നത വിലാസമാണ്. ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദിയുടെ ആത്മീയ വഴിയിൽ ചേർന്ന വ്യക്തിത്വമായിരുന്നു അവർ. നബി കീർത്തനങ്ങൾ കോർത്ത ഏറെ വരികൾ സഅദിയുടേതായി ഉണ്ട്. ഒരു രാത്രിയിൽ പ്രണയ മൂർച്ചയിൽ മുത്തു നബിയെ ഓർത്ത് വരികൾ ഇണക്കുകയായിരുന്നു അദ്ദേഹം:

“ബലഗൽ ഉലാ ബി കമാലിഹി
കശഫ ദുജാ ബി ജമാലിഹി
ഹസുനത് ജമീഉ ഖിസാലിഹി’
എന്നിങ്ങനെ മൂന്നു വരികൾ എഴുതി. നാലാമത്തെ വരി എന്താകണം എന്ന് ഒരു തരത്തിലും തെളിയുന്നില്ല. അങ്ങനെ ആലോചിച്ചിരുന്നു മയങ്ങിപ്പോയി. കനവിൽ പ്രിയറസൂൽ കടന്നുവന്നു. സഅദിയോട് ചോദിച്ചു: എന്തേ കവിത പൂർത്തിയാക്കാത്തത്. അത്യാദരങ്ങളോടെ നിസ്സഹായത പങ്കുവെച്ചു. മുത്തുനബി ഒരു വരി കൂടി ചേർത്ത് പൂർത്തീകരിച്ചു കൊടുത്തു. “സ്വല്ലൂ അലൈഹി വ ആലിഹീ'(സീറതുന്നബി അസ്്വിസാലുന്നബി).
അബ്ദുൽ ഹഖ് മുഹദ്ദിസ് ദഹ്്ലവി വിശ്വ വിശ്രുതനായ പണ്ഡിതനും ആത്മീയ ഗുരുവുമായിരുന്നു: ശൈഖിന്റെ രചനകൾ നിറശോഭയോടേ ഇന്നും വായിക്കപ്പെടുന്നു. ഹൃദയംചേർത്തു വെച്ച മദീനാ സന്ദർശനങ്ങളുടെ കഥകളാണ് ശൈഖിന് പറയാനുള്ളത്‌. “ജദ്ബുൽ ഖുലൂബ് ഇലാ ദിയാരിൽ മഹ്ബൂബ്’ ഈ പ്രമേയത്തിലുള്ള മനോഹര രചനയാണ്. മദീനയിൽ വെച്ചുള്ള നബി ദർശനങ്ങൾ മനോഹര ചിത്രങ്ങളായിട്ടാണ് അടയാളപ്പെട്ടുകിടക്കുന്നത്. അദേഹത്തിന്റെ വരികൾ ഇങ്ങനെ വായിക്കാം

“”യാ സ്വാഹിബൽ
ജമാൽ വയാ സയ്യിദൽ ബശർ
മിൻ വജ്ഹികൽ മുനീർ
ലഖദ് നുവിറൽ ഖമർ”
സൗന്ദര്യത്തിന്റെ പ്രതീകമേ, മനുഷ്യകത്തിന്റെ നായകരേ അവിടുത്തെ മുഖപ്രഭാവത്തിൽ നിന്നല്ലോ ചന്ദ്രന് ശോഭയുണ്ടായത്.
അനുരാഗത്തിന്റെ ആത്മാനന്ദത്തിൽനിന്ന് കുറിച്ചിട്ട വരികളാണിവ. ലോകത്ത് സൗന്ദര്യമായി റസൂലിനെ(സ്വ) മാത്രമേ കവിയുടെ ഹൃദയത്തിൽ തെളിയുന്നുള്ളൂ. പ്രാപഞ്ചിക വസ്തുക്കളുടെ മുഴുവൻ സൗന്ദര്യത്തിന്റെയും ആദിഹേതുകമായി അല്ലാഹു നിശ്ചയിച്ച പുണ്യ പ്രവാചകരാണ് ഹൃദയം കീഴടക്കിയിരിക്കുന്നത്. പ്രവാചക സ്വത്വം അർഹിക്കുന്ന വിധം പ്രകീർത്തനത്തിന് സാധ്യമല്ലെന്നു കൂടി തുടർന്ന് കവി രേഖപ്പെടുത്തുന്നു: “ലാ യുംകിനുസ്സനാ കമാ കാന ഹഖുഹു.’
അബ്ദുറഹ്്മാൻ ജാമി പേർഷ്യൻ സാഹിത്യത്തിൽ നബികീർത്തനം കോർത്ത സൂഫിയാണ്. നഖ്ശബന്ദി ആത്മീയ വഴിയിൽ അധ്യാത്മിക അനുശീലനങ്ങൾ പുലർത്തിയ മുരീദുമായിരുന്നു. ശൈഖിന്റെ വരികളിൽ ആത്മാവ് പുണ്യപ്രവാചകർക്ക് പകുത്തുനൽകും വിധമുള്ള ആവിഷ്കാരങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. “തനം ഫർ സോദ ജാൻ പാറ സബജ്റാൻ യാ റസൂലല്ലാഹ്’ എന്നെഴുതുമ്പോൾ ഏതെങ്കിലും ഒരു വൈജ്ഞാനിക ശകലത്തെ പകർത്തുകയോ സന്ദേശത്തെ അടയാളപ്പെടുത്തുകയോ അല്ല ചെയ്യുന്നത്. മറിച്ചു ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അക്ഷരങ്ങളിലേക്ക് പടരുകയാണ്. പ്രണയ പാത്രത്തിന്റെ വിശ്രമകേന്ദ്രമായ ത്വൈബയിൽ മനം ചേർത്തുവെച്ച അനുഭൂതിയിൽ ലയിച്ചു കൊണ്ടാണ് ജാമിയുടെ വരികൾ അടയാളപ്പെട്ടത്. ഹജ്ജ് യാത്രാവേളയിൽ മദീനയിൽ എത്താൻ കഴിയാതെ പോയതിന്റെ നൊമ്പരം പ്രണയ കാവ്യങ്ങളിലൂടെ അദ്ദേഹം ആവിഷ്കരിച്ചു.

മുഹമ്മദുർറസൂലുല്ലാഹിയിൽ നിന്നല്ലാതെ പ്രപഞ്ചാധിപനായ അല്ലാഹുവിലേക്ക് വേറെ മാർഗങ്ങളില്ല. ഈ വസ്തുതയെ സൂഫികൾ ആവാഹിച്ചതും അവതരിപ്പിച്ചതും ആത്മാവിൽ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു. അവർക്ക് “മുഹമ്മദ്’ എന്ന് അറബിയിൽ എഴുതുമ്പോഴുള്ള ആദ്യത്തെ “മീം’ അക്ഷരം പടച്ചവനിലേക്കും പ്രപഞ്ചത്തിലേക്കും സ്വർഗത്തിലേക്കും എല്ലാമുള്ള താക്കോലായിരുന്നു.’
ഇച്ച മസ്താൻ ഇതെഴുതിയതിങ്ങനെയാണ്:

“മീം മീമായ മീമിൽ മിഅ്റാജെടീ
മീം ലാമലിഫിൽ മിഫ്താഹ് നൂനാണെടീ’
സമാനമായ ഒരവലോകനം രിളാഖാൻ തിരുകേശത്തിന്റെ ഘടനയെ നോക്കി അവതരിപ്പിച്ചിട്ടുണ്ട്. മനം നിറയെ റസൂൽ സ്നേഹം കോറിയിട്ട വരികളും നിർവഹിച്ച പ്രകടനങ്ങളും ആത്മാവില്ലാത്തവർ വായിച്ചാൽ എന്തു മനസിലാകാനാ.

ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി

You must be logged in to post a comment Login