ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

നിങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന മുന്‍നിര ദിനപത്രങ്ങളെ മാത്രമാണോ വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത്? അതല്ലെങ്കില്‍ ചാനലുകളുടെ പ്രൈംനേരങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങള്‍ കേരളത്തില്‍ അപ്രതീക്ഷിതമായി പൊട്ടിവീഴുന്ന പെരുമഴയെക്കുറിച്ചും അസാധാരണമാംവിധം സംഭവിക്കുന്ന ഉരുള്‍ പൊട്ടലുകളെക്കളെക്കുറിച്ചും ഒലിച്ചുപോകുന്ന റോഡുകളെക്കുറിച്ചും ധാരാളമായി വായിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. ഒരു മഴ കണ്ടാല്‍ വെയിലിനെ മറക്കും എന്ന കാലാവസ്ഥാകാല്‍പനികത ആ മാധ്യമങ്ങള്‍ പലപാട് നിങ്ങളിലേക്ക് പ്രക്ഷേപിച്ചിട്ടും ഉണ്ടാകാം. മലയിടിയുകയും മഴമുറുകുകയും മാനമിരുളുകയും ഇടിമുഴങ്ങുകയും മിന്നല്‍ പാളുകയും ചെയ്ത നേരങ്ങളില്‍ ഏറിയാല്‍ ഗാഡ്ഗില്‍ അല്ലെങ്കില്‍ പശ്ചിമഘട്ടം എന്നിങ്ങനെ ചില പ്രമേയങ്ങള്‍ അവര്‍ കലക്കിയെടുക്കുന്നതും വിളമ്പുന്നതും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. അനുഭവിച്ചിട്ടുണ്ടാകും.

പക്ഷേ, നിശ്ചയമായും നിങ്ങളാല്‍ വായിക്കപ്പെടുന്ന ആ മുഖ്യധാരാ മാധ്യമങ്ങള്‍ നിങ്ങളോട് ഗ്ലാസ്‌ഗോയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ നിങ്ങള്‍ ശ്രദ്ധിച്ചുപോകരുത് എന്ന വാറോല തൊട്ട് മുന്നിലും പിന്നിലും പലതരം പൈങ്കിളികളുടെ ഞൊറികളില്‍ ഞാത്തിയാവും ആ വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്തിയിട്ടുണ്ടാവുക. ഒരു കാര്യം അവിതര്‍ക്കമാണ്. പോയ നാളുകളില്‍ ഒന്നും നാം ഗ്ലാസ്‌ഗോയെക്കുറിച്ചോ അവിടെ നടക്കുന്ന, നവംബര്‍ 12 വരെ നീളുന്ന കാലാവസ്ഥ ഉച്ചകോടിയെക്കുറിച്ചോ സംസാരിച്ചിട്ടില്ല. എന്തുകൊണ്ടാവണം കേരളം പോലെ അങ്ങേയറ്റം കാലാവസ്ഥ സെന്‍സിറ്റീവായ ഒരു ദേശം അവരുള്‍പ്പെടുന്ന ലോകത്തെ സംബന്ധിച്ച അതിനിര്‍ണായകമായ ഒരു സംഭവവികാസത്തോട് ഇത്തരത്തില്‍ മുഖം തിരിക്കുന്നത്? ഉത്തരം ചര്‍വിത ചര്‍വണമാണ്. നമ്മുടെ മുന്‍ഗണനകള്‍ മറ്റുള്ളവരാല്‍ നിശ്ചയിക്കപ്പെടുന്ന ഒന്നാണ് എന്നതാണത്. ഗ്ലാസ്‌ഗോയിൽ ലോകത്തിനെതിരായി, പ്രപഞ്ചത്തിനെതിരായി, മനുഷ്യരാശിക്കും സമസ്ത ജീവജാലങ്ങള്‍ക്കുമെതിരായി, ലാഭത്താല്‍ മാത്രം ഉദ്ദീപ്തരായി ചൈന ഉള്‍പ്പടെയുള്ള മുട്ടന്‍ രാജ്യങ്ങള്‍ നിലപാടെടുക്കുകയും കാലാവസ്ഥ ഉച്ചകോടി ആസന്നപരാജയത്തെ അഭിമുഖീകരിക്കുകയും ചെയ്ത ആ ദിവസം കേരളത്തിലെ മൂന്ന് ചാനലുകളിലെ പ്രധാന ചര്‍ച്ച ചലച്ചിത്രനടന്‍ ജോജു ജോര്‍ജ്ജും ചില്ല് തകര്‍ന്ന ആ വാഹനവുമായിരുന്നു. ഒരിക്കലും നന്നാക്കാനാവാത്ത വിധം ഭൂമി തകരുന്നു എന്ന് കാലാവസ്ഥാപ്രവര്‍ത്തകര്‍ ലോകത്തോട് വിതുമ്പിപ്പറഞ്ഞ രാത്രികളിലും നമ്മുടെ വാര്‍ത്താക്കണ്ണുകള്‍ അങ്ങോട്ട് തിരിഞ്ഞതേയില്ല. കേരളത്തിന്റെ പാരിസ്ഥിതികജാഗ്രതയെ സംബന്ധിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ് കാലാവസ്ഥ സംബന്ധിച്ച പ്രമേയങ്ങളില്‍ നാം പുലര്‍ത്തുന്ന നിസംഗത. ലോകത്തിന്റെ കാലാവസ്ഥയില്‍ സംഭവിക്കുന്ന ദൂരവ്യാപക പ്രത്യാഘാതത്തിന്റെ ഏറ്റവും വലിയ ഇരകളാവാന്‍ സര്‍വ സാധ്യതയുമുള്ള ഭൂഭാഗമാണ് കേരളം എന്നോര്‍ക്കണം.
കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന വന്‍കിട പദ്ധതികളെ തുടക്കം മുതല്‍ എതിര്‍ക്കുക എന്ന ഒറ്റക്കുറ്റിയില്‍ കറങ്ങുകയാണ് നമ്മുടെ പാരിസ്ഥിതിക അവബോധം. അതൊരു തെറ്റാണ് എന്നല്ല. നിശ്ചയമായും പദ്ധതികളുടെ പാരിസ്ഥിതിക ആഘാതം നാം ചര്‍ച്ചയ്ക്ക് വെക്കണം. പക്ഷേ, അത് മാത്രമല്ല നമ്മെ ബാധിക്കുക. നമ്മുടെ കാലത്തിന്റെ വിധി നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള, കാലത്തിന്റെ അവസ്ഥ എന്ന് വിശേഷിപ്പിക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് നാം ജാഗ്രതപ്പെടേണ്ടതുണ്ട്. കാലാവസ്ഥാമാറ്റത്തിനും ആ മാറ്റത്തിന്റെ ക്രമമില്ലായ്മക്കും ആഘാതശേഷി വര്‍ധനക്കും കാരണമാകുന്ന ഘടകങ്ങള്‍ക്കെതിരെ അവബോധ നിര്‍മിതിയും പ്രക്ഷോഭവും നടക്കേണ്ടതുണ്ട്. അത് ലോകമാകെ പടരേണ്ട ഒരു പ്രക്രിയയാണ്. ആ പ്രക്രിയയില്‍ നമ്മള്‍ പങ്കെടുക്കുക എന്നാല്‍ നാം ലോകത്തെ കുറച്ചുകൂടി സ്‌നേഹത്തോടെ, കരുതലോടെ മനസിലാക്കുക എന്നും അര്‍ഥമുണ്ടല്ലോ? ആ കരുതലാണ് വാസ്തവത്തില്‍ പാരിസ്ഥിതിക വിവേകം. അതാണ് പാരിസ്ഥിതിക ജനാധിപത്യം. അതിനാല്‍ വിവേകവും ജനാധിപത്യവും നമ്മില്‍ അവശേഷിക്കുന്നുണ്ട് എന്ന് തെളിയിക്കാനെങ്കിലും അക്കാര്യം സംസാരിക്കേണ്ടതുണ്ട്. ലോകം പ്രതിസന്ധിയിലാണെന്ന ബോധ്യം നമ്മിലെങ്കിലും നിറയ്‌ക്കേണ്ടതുണ്ട്. കാലാവസ്ഥ എന്നത് കാല്‍പനികമായ ഒന്നല്ല എന്ന ബോധ്യം പ്രചരിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ ഇനി പ്രവചനാതീതമാകും എന്ന വസ്തുത പങ്കുവെക്കേണ്ടതുണ്ട്. അതിനാല്‍ നമ്മള്‍ ഗ്ലാസ്‌ഗോ കാലാവസ്ഥ ഉച്ചകോടിയെക്കുറിച്ച് സംസാരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭക്കാണ് ഉച്ചകോടിയുടെ മുന്‍കൈ. മറ്റ് പലതിലും എന്ന പോലെ നിശബ്ദമാവുകയും നിശബ്ദമാക്കപ്പെടുകയും ചെയ്ത ഒരു സംഘടനയാണല്ലോ അത്. അന്‍േറാണിയോ ഗുട്ടറാസ് നടത്തിയ പ്രസംഗം വായിക്കാം.
“”ആദരണീയരേ,

പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് ശേഷമുള്ള ആറ് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ആറ് വര്‍ഷങ്ങളായി മാറി.

ഫോസില്‍ ഇന്ധനങ്ങളോടുള്ള നമ്മുടെ ആസക്തി മാനവികതയെ (നാശത്തിന്റെ) അരികിലേക്ക് തള്ളിവിടുകയാണ്.
നാം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു: ഒന്നുകില്‍ നാം അത് അവസാനിപ്പിക്കുന്നു അല്ലെങ്കില്‍ അത് നമ്മെ അവസാനിപ്പിക്കും.
“മതി’ എന്ന് പറയാനുള്ള സമയമാണിത്. ജൈവവൈവിധ്യത്തെ നാശമാക്കുന്നത് മതി. കാര്‍ബണ്‍ ഉപയോഗിച്ച് നമ്മെത്തന്നെ കൊല്ലുന്നത് മതി. പ്രകൃതിയെ ശൗചാലയം പോലെ കാണുന്നത് മതി. കൂടുതല്‍ ആഴത്തില്‍ തുരക്കുന്നതും ഖനനം ചെയ്യുന്നതും മതി.
നാം നമ്മുടെ ശവക്കുഴി തോണ്ടുകയാണ്. നമ്മുടെ ഗ്രഹം നമ്മുടെ കണ്‍മുന്നില്‍ മാറിക്കൊണ്ടിരിക്കുന്നു. സമുദ്രത്തിന്റെ ആഴം മുതല്‍ പര്‍വതശിഖരങ്ങള്‍ വരെ; ഉരുകുന്ന ഹിമാനികള്‍ മുതല്‍ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ വരെ. സമുദ്രനിരപ്പ് 30 വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയാണ്. സമുദ്രങ്ങള്‍ക്ക് എന്നത്തെക്കാളും ചൂടാണ്. അവ വേഗത്തില്‍ ചൂടാകുന്നു.

ആമസോണ്‍ മഴക്കാടുകള്‍ ഇപ്പോള്‍ ആഗിരണം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നു.

സമീപകാല കാലാവസ്ഥാ നടപടി പ്രഖ്യാപനങ്ങള്‍ നമ്മുടെ രീതികള്‍ മാറ്റാനുള്ള പാതയിലാണെന്ന പ്രതീതി നല്‍കിയേക്കാം. ഇതൊരു മിഥ്യയാണ്. ദേശീയ നിർണിത സംഭാവനകളെക്കുറിച്ച് അവസാനമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, ലോകത്തെ 2.7 ഡിഗ്രി വർധനയ്ക്ക് വിധേയമാക്കുമെന്ന് കാണിച്ചു. സമീപകാല വാഗ്ദാനങ്ങള്‍ വ്യക്തവും വിശ്വസനീയവുമാണെങ്കിലും അവയില്‍ ചിലതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുണ്ടെങ്കില്‍ കൂടിയും നാം ഇപ്പോഴും കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്.

ഏറ്റവും നല്ല സാഹചര്യത്തില്‍ പോലും, താപനില രണ്ട് ഡിഗ്രിക്ക് മുകളില്‍ ഉയരും. അതിനാല്‍, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ കാലാവസ്ഥാസമ്മേളനം ആരംഭിക്കുമ്പോള്‍, നാം ഇപ്പോഴും കാലാവസ്ഥാദുരന്തത്തിലേക്കാണ് നീങ്ങുന്നത്. യുവജനങ്ങള്‍ക്ക് അത് അറിയാം. എല്ലാ രാജ്യങ്ങളും അത് കാണുന്നു. ചെറിയ ദ്വീപുകളും, വികസ്വര രാഷ്ട്രങ്ങളും മറ്റ് ദുര്‍ബലരായ രാജ്യങ്ങളും അതില്‍ ജീവിക്കുന്നു.

അവര്‍ക്ക്, പരാജയം ഒരു തിരഞ്ഞെടുപ്പല്ല; വധശിക്ഷയാണ്.
ബഹുമാന്യരേ,
നാം സത്യത്തിന്റെ നിമിഷത്തെ അഭിമുഖീകരിക്കുക.
ആഗോള താപനത്തിന്റെ വർധിച്ചുവരുന്ന ഫീഡ്ബാക്ക് ലൂപ്പുകള്‍ക്ക് കാരണമാകുന്ന അഗ്ര സൂചികകളിലേക്ക് (Tipping Point) നാം അതിവേഗം അടുക്കുകയാണ്.
എന്നാല്‍ നെറ്റ് സീറോയില്‍ നിക്ഷേപിക്കുന്നത്, കാലാവസ്ഥയെ പ്രതിരോധിക്കുന്ന സമ്പദ്‌വ്യവസ്ഥ അതിന്റേതായ ഫീഡ്ബാക്ക് ലൂപ്പുകള്‍ സൃഷ്ടിക്കും. സുസ്ഥിര വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും സദ്്വൃത്തങ്ങള്‍ കെട്ടിപ്പടുക്കാന്‍ നമുക്ക് സാധിക്കും.

നൂറ്റാണ്ടിന്റെ മധ്യത്തോടെ നിരവധി രാജ്യങ്ങള്‍ നെറ്റ്‌സീറോ എമിഷന്‍ സംബന്ധിച്ച് വിശ്വസനീയമായ പ്രതിബദ്ധതകള്‍ നല്‍കിയിട്ടുണ്ട്. കല്‍ക്കരിയുടെ അന്താരാഷ്ട്ര ധനസഹായം പലരും പിന്‍വലിച്ചു. 700ലധികം നഗരങ്ങള്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് നീങ്ങുന്നു.

സ്വകാര്യമേഖല ഉണരുകയാണ്. നെറ്റ്‌ സീറോ അസറ്റ് ഓണേഴ്‌സ് അലയന്‍സ് വിശ്വസനീയമായ പ്രതിബദ്ധതകള്‍ക്കും സുതാര്യമായ ലക്ഷ്യങ്ങള്‍ക്കുമുള്ള സുവർണ നിലവാരം 10 ട്രില്യണ്‍ ആസ്തികള്‍ കൈകാര്യം ചെയ്യുകയും വ്യവസായങ്ങളിലുടനീളം മാറ്റം വരുത്തുകയും ചെയ്യുന്നു. യുവാക്കള്‍ നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തന സൈന്യത്തെ തടയാനാവില്ല. അവ വലുതാണ്. അവര്‍ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദിക്കുന്നു. കൂടാതെ, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, അവര്‍ പിന്‍വാങ്ങുന്നില്ല. ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു.

ബഹുമാന്യരേ,
ശാസ്ത്രം വ്യക്തമാണ്. എന്താണ് ചെയ്യേണ്ടതെന്ന് നമുക്കറിയാം. ആദ്യം, നമ്മള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യം നിലനിര്‍ത്തണം. 2030ഓടെ ആഗോള ഉദ്‌വമനം 45 ശതമാനം കുറയ്ക്കുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. 80 ശതമാനത്തോളം ഉദ്്വമനത്തിന് ഉത്തരവാദികളായതിനാല്‍ G20 രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്.

ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങള്‍ എന്ന തത്വമനുസരിച്ച്, വികസിത രാജ്യങ്ങള്‍ പരിശ്രമത്തിന് നേതൃത്വം നല്‍കണം.

എന്നാല്‍ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും അധികദൂരം സഞ്ചരിക്കേണ്ടതുണ്ട്. കാരണം മലിനീകരണം ഫലപ്രദമായി കുറയ്ക്കുന്നതിന് അവരുടെ സംഭാവന അത്യന്താപേക്ഷിതമാണ്. ഗ്ലാസ്‌ഗോ വിജയകരമാക്കാന്‍ നമ്മുടെ ആഗ്രഹങ്ങള്‍ പരമാവധിയില്‍ എത്തേണ്ടത് ആവശ്യമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നും എല്ലാ മുന്നണികളിലും സമ്പദ്‌വ്യവസ്ഥയുടെ ഡീകാര്‍ബണൈസേഷനും കല്‍ക്കരി നിര്‍മ്മാര്‍ജനവും ത്വരിതപ്പെടുത്തുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് സഖ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഞാന്‍ വികസിതരാജ്യങ്ങളോടും വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളോടും അഭ്യർഥിക്കുന്നു.
ഈ കൂട്ടുകെട്ടുകള്‍ ചാരനിറത്തില്‍ നിന്ന് പച്ചയിലേക്കുള്ള പരിവര്‍ത്തനത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന വലിയ മലിനീകാരികളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

നാം മിഥ്യാധാരണകള്‍ക്ക് അടിപ്പെടരുത്:
ഈ ഉച്ചകോടിയുടെ അവസാനത്തോടെ (രാഷ്ട്രങ്ങളുടെ) പ്രതിബദ്ധതകള്‍ കുറയുകയാണെങ്കില്‍, രാജ്യങ്ങള്‍ അവരുടെ ദേശീയ കാലാവസ്ഥാപദ്ധതികളും നയങ്ങളും പുനഃപരിശോധിക്കണം.
ഓരോ അഞ്ച് വര്‍ഷത്തിലും അല്ല, എല്ലാ വര്‍ഷവും; ഓരോ നിമിഷവും.
1.5 ഡിഗ്രി വരെ നിലനിര്‍ത്തുന്നത് ഉറപ്പാക്കപ്പെടും വരെ;
ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ അവസാനിക്കുന്നതുവരെ,
കാര്‍ബണ്‍ ( പുറന്തള്ളലിന്) ഒരു വില നിശ്ചയിക്കുന്നതുവരെ,
കല്‍ക്കരി ഘട്ടം ഘട്ടമായി നിര്‍ത്തുന്നതുവരെ,
നമുക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണ്.
വ്യത്യസ്ത അർഥങ്ങളും വ്യത്യസ്ത അളവുകോലുകളും ഉപയോഗിച്ചുള്ള, മലിനീകരണം കുറയ്ക്കലിലും നെറ്റ് സീറോ ടാര്‍ഗെറ്റുകളിലും വിശ്വാസ്യതയുടെ കമ്മിയും ആശയക്കുഴപ്പത്തിന്റെ മിച്ചവും ഉണ്ട്.

അതുകൊണ്ടാണ് പാരീസ് ഉടമ്പടിയില്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങള്‍ക്കപ്പുറം ഭരണകൂടേതര സംവിധാനങ്ങളില്‍ നിന്നുള്ള നെറ്റ് സീറോ പ്രതിബദ്ധതകള്‍ അളക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് വിദഗ്ധരുടെ ഒരു സംഘം സ്ഥാപിക്കുമെന്ന് ഞാന്‍ ഇന്ന് പ്രഖ്യാപിക്കുന്നു.

രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തവും നിലവിലുള്ളതുമായ അപകടങ്ങളില്‍ നിന്ന് ദുര്‍ബലരായ സമൂഹങ്ങളെ സംരക്ഷിക്കാന്‍ നാം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം.

കഴിഞ്ഞ ദശകത്തില്‍, ഏകദേശം 400 കോടി ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ അനുഭവിച്ചു.

ആ നാശം വളരുകയേ ഉള്ളൂ. എന്നാല്‍ അഡാപ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ജീവന്‍ രക്ഷിക്കുന്നു. കാലാവസ്ഥ സൗഹൃദ കൃഷിയും അടിസ്ഥാനസൗകര്യങ്ങളും തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നു. എല്ലാ ദാതാക്കളും അവരുടെ കാലാവസ്ഥാ ധനസഹായത്തിന്റെ പകുതി അഡാപ്‌റ്റേഷനുവേണ്ടി നീക്കിവയ്ക്കണം.

പൊതു, ബഹുമുഖ വികസന ബാങ്കുകള്‍ എത്രയും വേഗം ആരംഭിക്കണം. മൂന്നാമതായി, ഈ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെ ഒരു നിമിഷമായിരിക്കണം.
വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ കാലാവസ്ഥാ ധനകാര്യ പ്രതിബദ്ധത 100 ബില്യണ്‍ ഡോളറിന്റെ കാലാവസ്ഥാ ധനകാര്യ യാഥാര്‍ത്ഥ്യമായി മാറണം.

വിശ്വാസവും വിശ്വാസ്യതയും പുനഃസ്ഥാപിക്കുന്നതിന് ഇത് നിര്‍ണായകമാണ്.
നമ്മെ അവിടെ എത്തിക്കാന്‍ കാനഡയുടെയും ജര്‍മ്മനിയുടെയും നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

ഇത് ഒരു സുപ്രധാന ചുവടുവെപ്പാണ് എന്നാല്‍ ഇവ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല.
100 ബില്യണ്‍ ഡോളറിനപ്പുറം, വികസ്വരരാജ്യങ്ങള്‍ക്ക് കൊവിഡ്19 നെ ചെറുക്കുന്നതിനും പ്രതിരോധശേഷി വളര്‍ത്തുന്നതിനും സുസ്ഥിര വികസനം പിന്തുടരുന്നതിനും വളരെയധികം വിഭവങ്ങള്‍ ആവശ്യമാണ്.
ബഹുമാന്യരേ,

സൈറണുകള്‍ മുഴങ്ങുന്നു. നമ്മുടെ ഗ്രഹം നമ്മോട് എന്തൊക്കെയോ സംസാരിക്കുന്നു. അതുപോലെ എല്ലായിടത്തുമുള്ള ജനങ്ങളും.

ആളുകളുടെ ആശങ്കകളുടെ പട്ടികയില്‍ കാലാവസ്ഥാ പ്രവര്‍ത്തനം ഒന്നാമതാണ്. നമ്മള്‍ ശ്രദ്ധിക്കണം പ്രവര്‍ത്തിക്കണം നമ്മള്‍ വിവേകത്തോടെ തിരഞ്ഞെടുക്കണം.
ഭാവി തലമുറയുടെ പേരില്‍ ഞാന്‍ നിങ്ങളോട് അഭ്യർഥിക്കുന്നു:
ഉല്‍ക്കര്‍ഷേച്ഛയെ വരിക്കുക.

ഐകമത്യത്തെ സ്വീകരിക്കുക.
നമ്മുടെ ഭാവി സംരക്ഷിക്കാനും മനുഷ്യരാശിയെ രക്ഷിക്കാനും ഉള്ള വഴികള്‍ തിരഞ്ഞെടുക്കുക.”
(പരിഭാഷ: കെ. സഹദേവന്‍, ട്രാന്‍സിഷന്‍ സ്റ്റഡീസ് തൃശ്ശൂര്‍.)
കാല്‍പനികതയുടെയും വൈകാരികതയുടെയും തള്ളിച്ചകളും ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങളായ നയങ്ങള്‍ ഏത് രാജ്യങ്ങളുടേതെന്ന് ഊന്നിപ്പറയാനുള്ള ആര്‍ജവമില്ലായ്മയും നിറഞ്ഞുതുളുമ്പുമ്പോഴും ഗ്ലാസ്‌ഗോയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാനുള്ള സൂചകങ്ങള്‍ ഈ പ്രസംഗം വാഗ്ദാനം ചെയ്യുന്നുണ്ട്.

പക്ഷേ, ഈ കുറിപ്പെഴുതുമ്പോഴും തുടരുന്ന ഉച്ചകോടി വലിയ പ്രതീക്ഷകളോ വലിയ തീരുമാനങ്ങളോ സമ്മാനിക്കാന്‍ സാധ്യതയില്ല. കാരണം കാലാവസ്ഥ സംബന്ധിച്ച സുപ്രധാന സംഗതിയാണ് national determined contributions. ആഗോള കാലാവസ്ഥാ സുസ്ഥിതിക്ക് രാഷ്ട്രം നല്‍കുന്ന സംഭാവന അഥവാ ഉറപ്പ് എന്ന് പറയാം. വെറും 13 രാഷ്ട്രങ്ങള്‍ മാത്രമേ നവംബര്‍ മൂന്ന് വരെ അത് നല്‍കിയിട്ടുള്ളൂ. നല്‍കാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. അതുപോലെ കാര്‍ബണ്‍ എമിഷന്‍ പോലുള്ള സുപ്രധാന ചുവടുകള്‍ അനുവര്‍ഷം പിന്നോട്ടാണ്. പെട്രോളിയം ഉദ്പാദന വമ്പന്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുമില്ല.

ഇങ്ങനെ നാനാതരത്തില്‍ പ്രധാനപ്പെട്ടതാണ് ലോകത്തെയും കാലത്തെയും സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ഉച്ചകോടി. ആതിഥേയ രാഷ്ട്രമായ ഇംഗ്ലണ്ടിനെതിരെ നടന്ന പ്രതിഷേധം രൂക്ഷമായിരുന്നു. ഗ്രെറ്റ ഉള്‍പ്പടെയുള്ള കാലാവസ്ഥ ആക്ടിവിസ്റ്റുകള്‍ സജീവമാണ്. ഗ്രെറ്റയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

ഒട്ടും നിസ്സാരമല്ല കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന മഴയുടെ ആത്മകഥ എന്ന് മനസിലാക്കാനെങ്കിലും നമുക്ക് ശ്രമിക്കാം. വരാനിരിക്കുന്ന വെയിലിനെ ഭയക്കാം. ലോകത്തെ വിവേകികള്‍ പക്ഷേ, ഈ അവസ്ഥയെ തരണം ചെയ്യാനുള്ള സമരത്തിലാണ്.

കെ കെ ജോഷി

You must be logged in to post a comment Login