ഉറച്ച കാൽവെപ്പ്

ഉറച്ച കാൽവെപ്പ്

ഇസ്‌ലാം എന്ന യാഥാർത്ഥ്യം എങ്ങനെ തിരിച്ചറിയും? സന്മാര്‍ഗ ലബ്ധിയുണ്ടായി എന്ന് എങ്ങനെ മനസ്സിലാക്കും? മനസ്സുകൊണ്ട് അംഗീകരിച്ച് സത്യത്തെ ഉള്‍കൊണ്ട് ജീവിക്കാന്‍ എന്തുകൊണ്ട് പലരും അനുവദിക്കുന്നില്ല? വിശ്വാസം സ്വീകരിച്ചിട്ടും അതില്‍ നിന്നും പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുന്നത് ആരെ ഭയന്നിട്ടാണ്? ഈമാന്‍ – ഋജുവിശ്വാസം നശിപ്പിക്കുന്നതിന് പിന്നില്‍ സാത്താന്‍ ആണോ? മുസ്‌ലിമായി ജനിക്കാത്തതു കൊണ്ടാണോ ഇത്രയധികം ശിക്ഷ നല്‍കുന്നത്? നിങ്ങള്‍ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക് വന്നു?

ഒരുകൂട്ടര്‍ കാത്തിരുന്ന ഇരയെ കിട്ടിയതു പോലെ വിഴുങ്ങാന്‍ നില്‍ക്കുന്നു. മറ്റൊരുകൂട്ടര്‍ എന്തിന്, എന്തു ലക്ഷ്യം എന്നുള്ള ചോദ്യം കൊണ്ട് കാര്‍ന്നുതിന്നുന്നു. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം എനിക്കു കിട്ടിയത് ഇസ്‌ലാമില്‍നിന്നു തന്നെയാണ്. വിശ്വാസം എന്റെ ഉള്ളില്‍ ഉണ്ടായത് ഞാന്‍ പഠിച്ചെടുത്തതും മനസിലാക്കിയതും ആയ കാര്യങ്ങള്‍ മൂലമാണ്. പക്ഷേ, അങ്ങനെ പഠിച്ചറിഞ്ഞതുകൊണ്ട് മാത്രം എനിക്കു സന്മാര്‍ഗത്തിലെത്താന്‍ സാധിക്കുമായിരുന്നില്ല. നേടിയ അറിവ് ജീവിതത്തില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. അവിടെയാണ് പുതുമുസ്‌ലിം എന്ന നിലയില്‍ ചിലര്‍ മാറ്റി നിര്‍ത്തുന്ന എന്നെപ്പോലുള്ളവര്‍ കടക്കേണ്ട കടമ്പകള്‍ തുടങ്ങുന്നത്. നമ്മുടെ ഒപ്പം അവിടെനിന്ന് സാത്താനും സഞ്ചരിക്കുന്നു. “സാത്താന്‍ പറഞ്ഞു: നീ എന്നെ വഴി നശിപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ മനുഷ്യര്‍ പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ പിന്നിലൂടെയും മുന്നിലൂടെയും വലതും ഇടതും ഞാന്‍ അവരുടെ അടുത്തു ചെല്ലുകതന്നെ ചെയ്യും. അവരില്‍ മിക്കവരെയും നന്ദിയുള്ളവരായി നീ കണ്ടെന്നു വരികയില്ല’ (ഖുര്‍ആന്‍: 7-16,17). ഈ വാക്യങ്ങള്‍ എത്ര സത്യം! സാത്താന്‍ ആദ്യമേ എന്റെ വഴിയില്‍ തീ കോരിയിട്ടു. ആ തീ അവഗണിച്ച് എനിക്കു മുന്നോട്ടു നടക്കണം. അതിനുവേണ്ടി ഞാന്‍ നബിമാരുടെ ജീവിത ചരിത്രങ്ങള്‍ വായിച്ചു. അവ എന്നെ അത്രമേല്‍ സ്വാധീനിച്ചിരുന്നു. അതാണ് എന്നെ തീപഥങ്ങള്‍ താണ്ടാന്‍ ഏറെ സഹായിച്ചത്. തീ കോരിയിട്ട് സാത്താന്‍ തന്നെ അല്ലാഹുവിലേക്കുള്ള വഴി ഇതാണ് എന്നെനിക്ക് കാട്ടി.

ഇത്ര മാത്രം എന്താണ് ഈ മതത്തില്‍ എന്നുള്ള ചോദ്യം എന്റെ നേരെ ശക്തമായി വന്നു. അതിനുള്ള ഉത്തരം എന്നിലുണ്ട്. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യര്‍ക്കു നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്‌ലാം. ഒഴുക്കിനെതിരെ നീന്തി സത്യമറിയാന്‍ ആഗ്രഹിച്ച ഓരോ അന്വേഷിക്കു മുമ്പിലും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രകാശം കാണിച്ചുതന്ന മതം. പക്ഷേ അവിടെയും ഇരുട്ടിന്റെ കാമുകന്മാര്‍ നവാഗതരെ കഴുത്തു ഞെരിക്കാന്‍ കാത്തിരുന്നു. ഇസ്‌ലാമിലെ ഏതു കര്‍മത്തിനു പിന്നിലും ഉറച്ച വിശ്വാസം ഉണ്ടെന്നത് സത്യമാണ്. ഇതാണ് മറ്റു മതങ്ങളില്‍ നിന്നും എന്നെ ഇസ്‌ലാമിലേക്ക് ചിന്തിപ്പിച്ചത്. അതു കണ്ടെത്തുമ്പോള്‍ ഒരാള്‍ക്ക് യഥാര്‍ത്ഥ വിശ്വാസി ആവാന്‍ കഴിയും. ഇബ്നു കസീര്‍ പറയുന്നു: “വിശ്വാസികള്‍ സംശയിക്കാതെയും തെറ്റിപോകാതെയും സത്യ പാതയില്‍ ഉറച്ചു നില്‍ക്കുന്നവര്‍ ആയിരിക്കണം.’ വിശ്വാസത്തില്‍ നിന്ന് മനുഷ്യനെ തെറ്റിക്കുന്ന പണിയാണല്ലോ സാത്താന്റേത്. കുതന്ത്രങ്ങള്‍ പലതും മെനയും. എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട വെറുക്കപ്പെട്ട നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

സാത്താനില്‍ നിന്ന് രക്ഷനേടാനുള്ള വഴിയും അല്ലാഹു കാണിച്ചുതന്നിട്ടുണ്ട്. “എന്നാല്‍ വിശ്വാസം ചോര്‍ന്നൊലിച്ച മനസോടെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത്തരക്കാരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പരലോകത്തുവെച്ച് പൊടിച്ചു കളയും. നരകത്തില്‍ ഇടുങ്ങിയ ഒരു സ്ഥലത്ത് അവരെ ചങ്ങലയില്‍ കുടുക്കിയിടും. അവിടെ വെച്ച് അവര്‍ “നാശമേ’ എന്ന് വിളിച്ച് കേഴുന്നതാണ്’ (25:13).

അല്ലാഹു എനിക്ക് ഇഷ്ടപ്പെട്ടു നല്‍കിയ വിശ്വാസമാണിത്. അതനുസരിച്ചു ജീവിച്ചാല്‍ അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിലും സമാധാനത്തിലും നിലകൊള്ളാന്‍ സാധിക്കും. ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കിയോ അവനെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യും. സമൂഹം എന്നെ പോലുള്ളവരെ കാര്‍ന്നു തിന്നാന്‍ അടുക്കുമ്പോള്‍ അല്ലാഹു നല്‍കിയ ഹിദായത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനാല്‍ നാമത് കാത്തുസൂക്ഷിക്കാന്‍ ഏറെ പരിശ്രമിക്കും.
ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ്. എല്ലാം നഷ്ടപ്പെടുത്തി ഇതിലേക്ക് വന്നതു കൊണ്ടല്ലേ നിങ്ങള്‍ക്കു ഇങ്ങനെയൊക്കെ ദുര്‍ഗതി ഉണ്ടായത്. എന്ന് പറയുന്നവരോട് എനിക്കു പറയാന്‍ കഴിയും: ഇതൊന്നും എന്റെ അഹങ്കാരം ആയിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു. ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു. ഒരു സത്യനിഷേധിയെക്കാള്‍ എത്രയോ ഉയരെയാണ് വിശ്വാസി. അവന്റെ ഈമാന്‍ ശക്തമാണെങ്കിലും കുറവാണെങ്കിലും. അല്ലാഹുവിനോടുള്ള അനുസരണയും അല്ലാഹുവിലുള്ള പ്രതീക്ഷയും വെച്ച് ജീവിക്കാനുള്ള സഹായം അല്ലാഹുവിനോട് തേടണം. അല്ലാഹു സഹായിക്കും. കാരണം, ഇഹലോകത്തും പരലോകത്തും ഗുണം ലഭിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഒരു മനുഷ്യന്‍ അധ്വാനിക്കേണ്ടത്. ഏതു ലോകത്തിനാണ് മുന്‍ഗണന എന്നുള്ള സ്ഥിതിവരുമ്പോള്‍ പരലോകത്തിനാവണം മുന്‍തൂക്കം നല്‍കേണ്ടത്. ജീവിതത്തില്‍ പരലോകത്തിന് സ്ഥാനം കൊടുത്തിട്ടുള്ള എനിക്ക് എന്നെ ഉപദ്രവിക്കുന്ന സാത്താനെ ഭയമില്ല. എനിക്കേറ്റ പ്രഹരങ്ങള്‍ എന്റെ മനസിനെ തെല്ലും ഉലച്ചില്ല. മനസ്സ് അല്ലാഹുവിനോടുള്ള വിശ്വാസത്താല്‍ നിറഞ്ഞുനില്‍ക്കുന്നു.
വിശ്വാസത്തിലേക്ക് വരുമ്പോള്‍ ഈ ലോകം വെറും പരീക്ഷണശാല മാത്രമായി തോന്നാം. ജനങ്ങളുടെ ആക്ഷേപങ്ങളും കുത്തുവാക്കുകളും ധാരാളം കേള്‍ക്കേണ്ടിവരും. കുടുംബക്കാര്‍ അകറ്റും. ബന്ധങ്ങളെല്ലാം അറ്റു പോയേക്കാം. സ്ഥാനമാനങ്ങളും കൈവിട്ടേക്കാം. അങ്ങനെ എത്രയോ താങ്ങാന്‍ കഴിയാത്ത പ്രയാസങ്ങള്‍ തുരുതുരെ ഉണ്ടാവാം. അപ്പോഴും എനിക്കുറപ്പുണ്ടായിരുന്നു: എനിക്കുള്ള ഉപജീവനം മുന്‍പേ റബ്ബ് കണക്കാക്കിയതാണെന്ന്. അത് ആരു വിചാരിച്ചാലും മുടക്കാന്‍ കഴിയില്ല. ഈ വിശ്വാസം മുന്നോട്ടു നടക്കാന്‍ സഹായിച്ചു. ഞാന്‍ അനാഥയാണോ? അല്ല, അല്ലാഹുവാണ് എന്റെ രക്ഷിതാവ്. ഉമ്മയും ഉപ്പയുമായി എനിക്ക് ഒരാളുണ്ട്: എന്റെ മുത്തു നബി. എന്റെ കുടുബം കൂടെയുണ്ട്; അതാണ് ഇസ്‌ലാം. മറ്റൊരു ഉത്തരം എനിക്കു പറയാനില്ല.

പരീക്ഷണങ്ങളിലും പീഡനങ്ങളിലും തളര്‍ന്നു പോകുന്നവരല്ല വിശ്വാസികള്‍. സ്വര്‍ണത്തിന്റെ മാറ്റു നോക്കുന്നത് തീയിലിട്ട് ഉരുക്കിയാണ്. അതുപോലെ വിശ്വാസി പരീക്ഷണങ്ങളില്‍ മുഴുകി സ്വന്തം മാറ്റു കൂട്ടുകയാണ്.
എന്റെ രക്ഷിതാവിന്റെ തീരുമാനം ഞാന്‍ അനുസരിക്കുന്നു. വിശ്വാസപരിവര്‍ത്തനം നടക്കുന്നത് മനുഷ്യമനസിലാണ്. ഇരുലോകങ്ങളുടെയും വിജയത്തിന് ആവശ്യമായ ആത്മീയ ഉറവിടം ഇസ്‌ലാമാണെന്ന് കാട്ടിത്തന്നത് എന്റെ മുത്തു നബിയാണ്. ആത്മീയ മധു എന്നിലേക്ക് പകര്‍ന്നുതന്നതും അവിടുന്നാണ്. മുത്തു നബിയെ അറിയുന്നവര്‍ക്ക് ഭൂമിയില്‍ മറ്റൊന്നിനോടും മോഹം തോന്നില്ല. എന്തൊക്കെ നഷ്ടമായാലും ഏതൊക്കെ വേദനകള്‍ തോല്‍പ്പിച്ചാലും ആട്ടിപ്പായിച്ചാലും തോറ്റുപോവില്ല. വിശ്വാസം കൈവന്നതിലൂടെ ഞാന്‍ ജയിച്ചു കഴിഞ്ഞു.
ഇസ്‌ലാമിലേക്ക് കടന്നുവന്നപ്പോള്‍ പണ്ഡിത വേഷധാരികളെ വിശ്വസിച്ചു. പക്ഷേ, എനിക്കു തെറ്റി. എന്നാലും വഞ്ചിതയാകാതെ റബ്ബ് കാത്തു. എല്ലാ പണ്ഡിതന്മാരും അങ്ങനെയല്ല. എന്നാലും ഒരു കുടം പാലില്‍ ഒരു തുള്ളി വിഷം മതിയല്ലോ? പാല്‍ ഉപയോഗ ശൂന്യമാകും. വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് ഇസ്‌ലാമില്‍ ആശ്വാസം ഉണ്ട്. ഉറപ്പായും. വിങ്ങുന്ന മനസുകള്‍ക്ക് ഖുര്‍ആന്‍ ഒരു പരിഹാരവുമാണ്. അസ്വസ്ഥതയും മനോവിഷമങ്ങളും ഖുര്‍ആന്റെ ആത്മീയ തീരത്ത് അലിഞ്ഞു ഇല്ലാതാവും. എന്നെ കാര്‍ന്നുതിന്നുന്ന സാത്താനെ ഓര്‍ക്കുമ്പോള്‍ പലപ്പോഴും ഞാനും പതറിപ്പോകുന്നുണ്ട്.
മറ്റുള്ളവരുടെ അഭിമാനം വ്രണപ്പെടുത്തി പരലോകം നഷ്ടപ്പെടുത്തുന്ന കാര്യം ചെയ്തിട്ട് എന്തു നന്മയാണ് ചിലരെങ്കിലും ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ല. ഖബറിലെ ശിക്ഷയും പരലോകവും ഞങ്ങള്‍ കുറച്ചു പേര്‍ക്കു മാത്രമാണോ?

എല്ലാ പരീക്ഷണങ്ങളില്‍ നിന്നും മുക്തി ലഭിക്കാന്‍ അല്ലാഹുവിലേക്കു അടുക്കുക മാത്രമായിരുന്നു എന്റെ മനസില്‍ തെളിഞ്ഞ പ്രിതിവിധി. എല്ലാ ഭാരവും അവിടെ ഇറക്കി വെച്ചു. എനിക്ക് എന്തു തന്നെ സംഭവിച്ചാലും – ദുഃഖമോ ദുരിതമോ ആവട്ടെ അത് എന്റെ നാഥന്റെ തീരുമാനമാണ്. ഞാന്‍ അവനില്‍ പൂര്‍ണ തൃപ്തയാണ്.
അല്ലാഹു ഉണ്ട് എന്നുള്ള വിശ്വാസം മാത്രം പോരാ. തദനുസൃതമായി ജീവിക്കേണ്ടതുണ്ട്. വിശ്വാസത്തോടൊപ്പം അല്ലാഹുവിന്റെ ഇംഗിതങ്ങള്‍ നിറവേറ്റണം. അപ്പോള്‍ മാത്രമെ വിശ്വാസം ഗതിപിടിക്കുകയുള്ളൂ. വിശ്വാസത്തെ കര്‍മം കൊണ്ട് സാക്ഷാത്കരിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന എന്നെ സഹായിക്കാന്‍ മനുഷ്യത്വം മരവിക്കാത്ത നല്ല മനുഷ്യരെ ഞാന്‍ കണ്ടു. അവിടെയും വെല്ലുവിളികള്‍ വരും. അതാണ് വിശ്വാസിയുടെ ഇഹലോക ജീവിതം. പ്രക്ഷുബ്ധമാണത്. ആ അലകടലിലൂടെ വിശ്വാസത്തിന്റെ എളിയ നൗകയില്‍ വിശ്വാസി മറുകര പറ്റണം. ആ വിശ്വാസി സദാ അല്ലാഹുവിന്റെ അദൃശ്യവും ശാന്തവുമായ കൃപാകടാക്ഷത്തിലാകും.

ഡോ. ഫാദില

You must be logged in to post a comment Login