മനസാന്നിധ്യത്തോടെ ഇരിക്കാം

മനസാന്നിധ്യത്തോടെ  ഇരിക്കാം

തശഹുദ്, സ്വലാത്, സലാം എന്നിവക്കു വേണ്ടിയുള്ള ഇരുത്തമാണ് നിസ്‌കാരത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പന്ത്രണ്ടാമത്തേത്. ഇരുന്നു കൊണ്ടായിരിക്കണം തശഹുദ്, ശേഷമുള്ള സ്വലാത്, സലാം എന്നിവ നിര്‍വഹിക്കുന്നത്. ആദ്യ തശഹുദില്‍ ഇഫ്തിറാശിന്റെ ഇരുത്തവും രണ്ടാം തശഹുദില്‍ തവറുകിന്റെ ഇരുത്തവുമാണ് അഭികാമ്യം. മറ്റു രീതിയില്‍ ഇരിക്കല്‍ അനുവദനീയമാണങ്കിലും അഭിലഷണീയമല്ല. ഇടതു കാല്‍പാദത്തിന്റെ പുറംഭാഗം നിലത്തുവെച്ച് അതിനു മീതെ ഇരിക്കുകയും വിരലുകളുടെ താഴ്ഭാഗം നിലത്തു വെച്ച് വലതുപാദം ഉയര്‍ത്തിവെക്കുകയും ചെയ്യുന്നതാണ് ഇഫ്തിറാശിന്റെ ഇരുത്തം. ഇഫ്തിറാശിലെ പോലെ വലതുപാദം ഉയര്‍ത്തിവെച്ച് അതിന്റെ താഴ്ഭാഗത്തിലൂടെ ഇടതു കാല്‍പാദം പുറത്തെടുത്ത് ഇടതു പൃഷ്ഠം നിലത്തു വെച്ചിരിക്കുന്ന രീതിയാണ് തവറുക്.

ആദ്യ തശഹുദില്‍ ഇഫ്തിറാശിന്റെ ഇരുത്തവും രണ്ടാംതശഹുദില്‍ തവറുകിന്റെ ഇരുത്തവുമാണ് തിരുനബി(സ) തിരഞ്ഞെടുത്തിരുന്നത്(ബുഖാരി).
ആദ്യതശഹുദ് നിര്‍വഹിച്ച് കഴിഞ്ഞാലുടന്‍ അടുത്ത റക്അതിനായി എഴുന്നേക്കേണ്ടതുണ്ട്. അതിന് സൗകര്യപ്രദമായിട്ടുള്ളത് ഇഫ്തിറാശിന്റെ ഇരുത്തമാണ്. അവസാന തശഹുദിലെ ഇരുത്തം സലാം വീട്ടുന്നതു വരെയും തുടര്‍ന്നും നീണ്ടു നില്‍ക്കുന്നതിനാല്‍ തവറുകിന്റെ ഇരുത്തമാണ് സൗകര്യപ്രദം. ഇതാണ് ഇരുതശഹുദിലും വ്യത്യസ്ത രീതിയിലുള്ള ഇരുത്തം നിര്‍ദേശിച്ചതിനു പിന്നിലെ സാംഗത്യമെന്ന് ജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്. റക്അത് കൃത്യമായി ഓര്‍ത്തിരിക്കാനും വൈകി എത്തി ഇമാമിന്റെ കൂടെ നിസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്(മസ്ബൂഖ്) ഇമാം ഇരിക്കുന്നത് ഏത് തശഹുദിലാണെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.

മസ്ബൂഖ് ഇമാമിന്റെ അവസാന തശഹുദില്‍ ഇഫ്തിറാശിന്റെ ഇരുത്തവും തന്റെ അവസാന തശഹുദില്‍ തവറുകിന്റെ ഇരുത്തവുമാണ് തിരഞ്ഞെടുക്കേണ്ടത്. സഹ്്വിന്റെ സുജൂദ് സുന്നത്തുളളവര്‍ അതുപേക്ഷിക്കാന്‍ ഉദ്ദേശിക്കാത്ത പക്ഷം സുജൂദ് നിര്‍വഹിക്കുന്നതിനുമുമ്പ് ഇഫ്തിറാശിന്റെ ഇരുത്തവും ശേഷം തവറുകിന്റെ ഇരുത്തവും തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. തവറുകിന്റെ ഇരുത്തമാണ് ഇരു തശഹുദിലും ശ്രേഷ്ഠമെന്ന വീക്ഷണവുമുണ്ട്. ഇമാം മാലിക്(റ) ഈ വീക്ഷണമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇഫ്തി റാശിന്റെ ഇരുത്തമാണ് ശ്രേഷ്ഠമെന്നാണ് ഇമാം അബൂഹനീഫയുടെ(റ) വീക്ഷണം(ശര്‍ഹു മുസ്‌ലിം 5/81).
ഇരുതശഹുദുകളിലും കൈകള്‍ രണ്ടും അതത് ഭാഗത്തെ തുടകളില്‍ വെക്കുകയാണ് വേണ്ടത്. ഇടതു കൈയിലെ വിരലുകള്‍ ഖിബ്്ലക്കു നേരേ നിവര്‍ത്തിയും പരസ്പരം ചേര്‍ത്തുപിടിച്ചുമാണ് വെക്കേണ്ടത്. വലതു കൈയിലെ ചൂണ്ടുവിരല്‍ നിവര്‍ത്തിപ്പിടിച്ചും മറ്റു വിരലുകള്‍ ചുരുട്ടിപ്പിടിച്ചുമാവണം തുടയില്‍ വെക്കുന്നത്. ഇടതു കൈവിരലുകളുടെ അറ്റം കാല്‍മുട്ടിന്റെ ആദ്യ ഭാഗത്തോട് തുല്യമാകുന്ന വിധത്തിലും വലതു കൈ വലതു കാല്‍മുട്ടിനോട് ചേര്‍ന്നുമാണ് വെക്കേണ്ടത്. വലതു കയ്യിലെ ചൂണ്ടുവിരല്‍ തശഹുദിലെ “ഇല്ലല്ലാഹ്’ എന്ന വാക്യം ഉച്ചരിക്കുന്നതു വരെ താഴ്ത്തിയും “ഇല്ലല്ലാഹ്’ എന്നതിലെ “ഹംസ്’ ഉച്ചരിക്കുന്നതു മുതല്‍ സലാം വീട്ടുന്നതു വരെ ഉയര്‍ത്തിയുമാണ് പിടിക്കേണ്ടത്. ഖിബ്്ലയുടെ ഉച്ചി സ്ഥാനത്തു നിന്ന് (സംത്) പുറത്തുപോകാതിരിക്കാന്‍ വിരലറ്റം അല്പം താഴ്ത്തിയാവണം ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത്. പെരുവിരല്‍ ചൂണ്ടുവിരലിന്റെ താഴ്ഭാഗത്ത് ഉള്ളംകയ്യിന്റെ പാര്‍ശ്വത്തിലായിട്ടാണു വെക്കേണ്ടത്. തിരു നബി(സ) തശഹുദിനായി ഇരുന്നാല്‍ ഇടതു കൈ ഇടതു കാലിന്റെ തുടയില്‍ നിവര്‍ത്തിവെക്കുകയും വലതു കൈ അന്‍പത്തിമൂന്ന് എന്ന അക്കം സൂചിപ്പിക്കാനായി മടക്കിപ്പിടിക്കുന്നതുപോലെ പിടിച്ച് വലതു തുടയുടെ മീതെ വെക്കുകയും (ഇല്ലല്ലാഹ് എന്ന വാചകം പറയുമ്പോള്‍) ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും ചെയ്തിരുന്നതായി ഇമാം മുസ്‌ലിമും മറ്റു ഇമാമുമാരും ഉദ്ധരിച്ചിട്ടുള്ള വിവിധ ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. ഇടതുകയ്യിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തുക, ഇരുകൈകളിലെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുക, ചൂണ്ടുവിരല്‍ അല്ലാത്ത മറ്റു വിരലുകള്‍ ഉയര്‍ത്തുക, ഉയര്‍ത്തിപ്പിടിച്ച വിരല്‍ ചലിപ്പിക്കുക എന്നിവയെല്ലാം അനഭിലഷണീയമായ കാര്യങ്ങളാണ്. വലതുകൈയിലെ ചൂണ്ടുവിരല്‍ മുറിക്കപ്പെട്ടവര്‍ ഇടതുകൈയിലെ ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ടതില്ല. ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതുവരെ സുജൂദിന്റെ സ്ഥാനത്തേക്കും തുടര്‍ന്ന് സലാം വീട്ടുന്നതുവരെ ഉയര്‍ത്തിപ്പിടിച്ച ചൂണ്ടുവിരലിലുമാണ് നിസ്‌കരിക്കുന്നവന്‍ ദൃഷ്ടി പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ പരിശുദ്ധിയെയും ഓര്‍ത്തുകൊണ്ടാവണം ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത്. “ഇല്ലല്ലാഹ്’ എന്നത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിക്കുന്ന വാക്യമാണ് അല്ലാഹുവിന്റെ ഏകത്വത്തിലേക്കുള്ള സൂചനയായാണ് ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത്. മനസ്സുകൊണ്ടും കര്‍മംകൊണ്ടും വാക്കുകൊണ്ടും ഒരേ സമയം അല്ലാഹുവിന്റെ ഏകത്വവും ഉലൂഹിയ്യതും അംഗീകരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. മനസാന്നിധ്യത്തോടെ നിഷ്‌കളങ്കമായും നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ ഉപകരിക്കുന്നു എന്നതും അതിലൂടെ ലഭിക്കുന്ന നേട്ടമാണ്.

(തുടരും)

ഇസ്ഹാഖ് അഹ്സനി

You must be logged in to post a comment Login