ഒരു പെണ്ണിന്റെ നിർണായക നിലപാട്

ഒരു പെണ്ണിന്റെ  നിർണായക നിലപാട്

സൂക്തം 18: “മര്‍യം ബീവി പറഞ്ഞു: നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനോട് അഭയം തേടുന്നു. നീ അല്ലാഹുവിനെ ഭയപ്പെടുന്നവനെങ്കില്‍ എന്നെ വിട്ടുപോകൂ.’
ആരാധനമുറിയില്‍ ഏകാകിനിയായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന മർയമിന്റെ അടുത്ത് പുരുഷ രൂപത്തില്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടപ്പോള്‍ മഹതി പകച്ചുപോയി. ആ സമയത്തുണ്ടായ പ്രതികരണമാണ് മേല്‍ സൂക്തത്തില്‍ കാണുന്നത്. ഒരു പുരുഷന്‍ തനിയെ ഇരിക്കുന്ന സ്ത്രീയെ സമീപിക്കുമ്പോള്‍ പതിവ്രതയായ ഒരു സ്ത്രീയില്‍ നിന്ന് ഉണ്ടാകേണ്ട പ്രതികരണം എങ്ങനെയായിരിക്കണമെന്ന് ഈ സൂക്തത്തിലുണ്ട്.
രണ്ട് അന്യ സ്ത്രീ പുരുഷന്മാര്‍ വിജനമായ ഒരിടത്ത് സംഗമിക്കുമ്പോള്‍ മൂന്നാമനായി പിശാച് ഉണ്ടാകുമെന്നാണ് ഹദീസ് വാക്യം. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് കാവലിനെ തേടുന്നവർക്കാണ് മോക്ഷം. അതാണ് മറിയം ബീവി ഇവിടെ ചെയ്തത്.
പ്രതിരോധത്തിന്റെ രണ്ടുവഴികള്‍ മറിയം ബീവി സ്വീകരിക്കുന്നതായി ഇവിടെ നാം കാണുന്നു. ഒന്ന് പ്രാര്‍ഥനയിലൂടെയുള്ള അഭൗതിക പ്രതിരോധം. പ്രഥമമായും പ്രധാനമായും ആഗതനില്‍ നിന്ന് അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കാനാണ് ഇവിടെ പ്രാര്‍ഥിക്കുന്നത്. “നിന്നില്‍ നിന്ന്’ എന്ന പ്രയോഗത്തിന്റെ പ്രത്യക്ഷമായ ആശയം ഇതാണല്ലോ. എന്നാല്‍ തന്നില്‍ നിന്ന് ആഗതനിലേക്ക് ഒരു ചായ്‌വും ഉണ്ടാകരുതേ എന്ന തേട്ടവും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. അയാളുടെ വരവ് മുഖേന ഉണ്ടാകാൻ സാധ്യതയുള്ള ഒരു തിന്മയാണത് എന്നതിനാല്‍ “നിന്നില്‍ നിന്ന്’ എന്ന പ്രയോഗം ആ അവസ്ഥയെയും ഉള്‍വഹിക്കുന്നുണ്ട്. മറിയം പതിവ്രതയാണ് എന്നതിനര്‍ഥം മനുഷ്യന് ഉണ്ടാകാവുന്ന എല്ലാ വികാരങ്ങളുമുണ്ടായിരിക്കെ തെറ്റില്‍ നിന്ന് മാറിനിന്നു എന്നാണ്. തീരെ ലൈംഗിക താല്‍പര്യങ്ങളൊന്നും ഇല്ലാത്തവരായിരുന്നു എന്നല്ല. ലൈംഗികശുദ്ധി പാലിച്ചു എന്നത് മറിയമിന്റെ(റ) മഹത്വമാകുന്നത് അപ്പോള്‍ മാത്രമാണ്. യൂസുഫ് നബി(അ) മികച്ച ഉദാഹരണമാണ്. “നീ അവരുടെ കുതന്ത്രങ്ങള്‍ എന്നില്‍ നിന്ന് തിരിച്ച് കളഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരിലേക്ക് ചാഞ്ഞ് പോകുമായിരുന്നു എന്ന് യൂസുഫ് നബി പറയുന്നുണ്ട്. അവസാനം മോശമായ സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ വേണ്ടി യൂസുഫ് നബി(അ) അല്ലാഹുവിനോട് ജയില്‍ ചോദിച്ചുവാങ്ങി.

പ്രതിരോധത്തിന്റെ രണ്ടാമത്തെ വഴി ഉപദേശം നല്‍കി പിന്തിരിപ്പിക്കലാണ്. ഭൗതികമായ പ്രതിരോധ രീതികളില്‍ ഇരട്ട ഗുണമുള്ള ഒരു രീതിയാണിത്. “നീ അല്ലാഹുവിനെ ഭയപ്പെടുന്നവനാണെങ്കില്‍..’ എന്ന് പറഞ്ഞ് മഹതി നിര്‍ത്തുകയാണ്. ഒരുപാട് ഉപദേശങ്ങളെ ഒരു മൗനത്തിലേക്ക് ചുരുട്ടിയിരിക്കുകയാണിവിടെ. ഉപദേശങ്ങളുടെ പ്രപഞ്ചങ്ങള്‍ക്കൊപ്പം ഈ മൗനം നിര്‍വഹിക്കുന്ന മറ്റൊരു ദൗത്യമുണ്ട്. ഒരു സ്ത്രീ അന്യപുരുഷനോട് സംസാരിക്കുമ്പോള്‍, അവശ്യമായ കാര്യമാണെങ്കില്‍ പോലും അത് പരമാവധി ചുരുക്കണം എന്ന സന്ദേശമത്രെ അത്. നല്ല മനുഷ്യര്‍ക്ക് തഖ്്വയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ തന്നെ എമ്പാടും മതി.

പുരുഷന്മാര്‍ സ്ത്രീകളെ മാത്രമല്ല സ്ത്രീകള്‍ പുരുഷന്മാരെയും വശീകരിക്കാന്‍ ശ്രമിച്ചതും അത്തരം ഘട്ടങ്ങളില്‍ ഉപദേശങ്ങള്‍ ഫലം ചെയ്തതും ചരിത്രത്തില്‍ കാണാം. അബുല്‍ ഫറജ് ഇബ്‌നുല്‍ ജൗസി തന്റെ ദമ്മുല്‍ ഹവ എന്ന ഗ്രന്ഥത്തിലെഴുതുന്നു. സൗന്ദര്യവതിയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോട്, തന്റെ സൗന്ദര്യത്തില്‍ വീഴാത്ത ആരെങ്കിലുമുണ്ടാകുമോ എന്നു ചോദിച്ചു. ഉബൈദുബ്‌നു ഉമൈര്‍ ഉണ്ടാകുമെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന് ഭാര്യ തീരുമാനിച്ചു.
അങ്ങനെ ആ സ്ത്രീ ഫത്‌വ ചോദിക്കാന്‍ എന്ന വ്യാജേനെ ഉബൈദുബ്‌നു ഉമൈറിന്റെ സവിധത്തിലെത്തി. അവര്‍ രണ്ടു പേരും തനിച്ചായപ്പോള്‍ ആ സ്ത്രീ തന്റെ മുഖം വെളിപ്പെടുത്തി. ഇത് കണ്ട ഉബൈദ് മുഖം മറക്കാന്‍ പറഞ്ഞു. “ഞാന്‍ നിങ്ങളില്‍ അനുരക്തയായിരിക്കുന്നു. എന്റെ കാര്യം പരിഗണിക്കണം’ എന്നായിരുന്നു ആ സ്ത്രീയുടെ പ്രതികരണം.

ഉബൈദ് : എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് നീ മറുപടി പറയുമോ?
സ്ത്രീ : ഉം.
ഉബൈദ് : മലകുല്‍മൗത് റൂഹ് പിടിക്കുന്ന സമയത്ത് ഇങ്ങനെ നീ ആവശ്യപ്പെടുമോ?
സ്ത്രീ : ഇല്ല.
ഉബൈദ് : ഖബറില്‍ മലക്കുകള്‍ ചോദ്യം ചെയ്യുന്ന സമയത്ത് ഇങ്ങനെ നീ ആവശ്യപ്പെടുമോ?
സ്ത്രീ : ഇല്ല.
മഹ്ശറില്‍ കിതാബ് നല്‍കപ്പെടുന്ന നേരത്ത് ഇങ്ങനെ നീ ആവശ്യപ്പെടുമോ?
ഇല്ല.
തുടര്‍ന്നുള്ള ഉപദേശത്തിലൂടെ മഹാന്‍ ആ സ്ത്രീയെ തഖ്‌വയുള്ളവളാക്കി മടക്കിയയച്ചു.

ഇവിടെ പ്രതിരോധത്തിന്റെ രണ്ടു വഴികള്‍ നാം കണ്ടു. പ്രതിരോധത്തിന്റെ മറ്റൊരു രീതി യൂസുഫ് നബിയുടെ സംഭവത്തില്‍ കാണാം. ഓട്ടമാണത്.
ബീവിക്ക് ഈ ഘട്ടത്തിലേക്ക് കടക്കേണ്ടി വന്നില്ല. ഒന്നാം ഘട്ടത്തിലെ പ്രാര്‍ഥനയില്‍ തന്നെ റഹ്മാന്‍ എന്ന് കേട്ടപ്പേള്‍ ജിബ്‌രീല്‍(അ) ഭയചകിതനായതും തന്റെ യഥാര്‍ത്ഥ രൂപം പ്രാപിച്ചതും ചില ഗ്രന്ഥങ്ങളിലുണ്ട്.

മറിയമിന്റെ(റ) ആശങ്കയോട് ജിബ്‌രീല്‍(അ) പ്രതികരിക്കുകയാണ് അടുത്ത സൂക്തത്തിലൂടെ.

സൂക്തം 19: “ജിബ്‌രീല്‍(അ) അരുളി: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് നല്‍കുന്നതിനായി നിന്റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.’
തൗഹീദ് സംബന്ധമായി അഹ്‌ലുസ്സുന്നയും അവാന്തര വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍, ജിബ്‌രീലിന്റെ(അ) മറുപടിക്ക് ഏറെ പ്രാധാന്യമുണ്ട്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും കുട്ടിയെ നല്‍കുന്നവനും രോഗം ശിഫയാക്കുന്നവനും ഹിദായത്താക്കുന്നവനുമൊക്കെ അല്ലാഹുവാണ്. അല്ലാഹു മാത്രമാണ്. യഥാര്‍ത്ഥ കര്‍ത്താവ് അല്ലാത്തതിലേക്ക് ഒരു പ്രവൃത്തിയെ ചേര്‍ത്തിപ്പറയുന്നത് ഭാഷയില്‍ വ്യാപകമായ ഉപയോഗമാണ്. അതും ആ പ്രവര്‍ത്തിയും തമ്മിലുള്ള എന്തെങ്കിലും ഒരു ബന്ധമായിരിക്കും കാരണം. വസന്തം പുഷ്പങ്ങളെ മുളപ്പിച്ചു എന്ന് നാം പറയാറില്ലേ?

“ഖും ബി ഇദ്‌നില്ലാഹ്’ എന്ന് ശൈഖ് ജീലാനി പറഞ്ഞപ്പോള്‍ ശവത്തിന് അല്ലാഹു ജീവന്‍ നല്‍കി. ശൈഖ് ഒരു കാരണമായതിനാല്‍ നാം “ചത്തെ ചകത്തിന് ജീവനീടിച്ചോവര്‍’ എന്ന് ശൈഖിനെ കുറിച്ച് പാടി. മറിയമിന് അല്ലാഹുവാണ് കുട്ടിയെ നല്‍കിയതെങ്കിലും “ഞാന്‍ നിനക്ക് ഒരു കുട്ടിയെ നല്‍കുവാന്‍’ എന്ന് ജിബ്‌രീലിനു(അ) പറയാം എന്നര്‍ഥം. അത് ശിര്‍ക്കോ കുഫ്‌റോ അല്ല!

(തുടരും)

You must be logged in to post a comment Login