ഹലാല്‍ വീണ്ടും വരും വേണ്ടത് ജാഗ്രത

ഹലാല്‍ വീണ്ടും വരും  വേണ്ടത് ജാഗ്രത

രണ്ടു മാസങ്ങള്‍ക്കപ്പുറം ഗുജറാത്തിന്റെ ഇരുപതാമാണ്ടാണ്. സംഘപരിവാറിന്റെ ഇന്ത്യന്‍ പദ്ധതി അതിന്റെ എല്ലാ നൃശംസതകളോടെയും വെളിപ്പെട്ടതിന്റെ ഇരുപത് വര്‍ഷങ്ങള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ആസൂത്രിത വംശഹത്യ. കാലം വലിയ വൈദ്യനാണ്. അത് മുറിവുകളെ ശമിപ്പിക്കും. പക്ഷേ, അഭിശപ്തമായ ഓര്‍മകള്‍ മറവിക്ക് വഴങ്ങാന്‍ വിസമ്മതിക്കും. കൊടും വംശഹത്യകള്‍ക്ക് ഇരകളായ അനേകം ജനവിഭാഗങ്ങള്‍ ഭൂമുഖത്തുണ്ട്. അരുംകൊലകളാല്‍ ചിതറിപ്പോയ ജനതകള്‍. അവരുടെ ജീവിക്കുന്ന അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി വേര് പിടിപ്പിച്ച് ജീവിതത്തെ തളിര്‍പ്പിക്കാന്‍ കഠിന പ്രയത്‌നത്തിലാണ്. രണ്ടും മൂന്നും തലമുറകള്‍ പിന്നിട്ടിട്ടും കേട്ടറിഞ്ഞ ഓര്‍മകളിലെ ചോരയുടെ കൊഴുത്ത ചൂട് അവരെ ഇപ്പോഴും ഭയപ്പെടുത്താറുണ്ട്. വംശഹത്യയുടെ ഉഗ്ര നടുക്കം തലമുറകളിലേക്ക് പടരുന്ന ജനിതക രോഗമാണ്. ഗുജറാത്തും വ്യത്യസ്തമല്ല. അതിനാല്‍ മതേതര, ബഹുസ്വരതയിലും ഇന്ത്യ എന്ന മഹത്തായ ആശയത്തിലും വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ഇരുപതാണ്ടുകള്‍ എന്നത് ഒരു ദീര്‍ഘകാലയളവല്ല.

വംശഹത്യാപഠനങ്ങള്‍ സാമൂഹികശാസ്ത്രത്തിലെ സവിശേഷമായ ഒരു മേഖലയാണ്. വംശഹത്യ സംഘര്‍ഷമോ കലാപമോ അല്ല. കലാപത്തിന്റെ പര്യായമല്ല വംശഹത്യ. വംശഹത്യയുടെ ചില പരിണതികള്‍ മാത്രമാണ് സംഘര്‍ഷവും കലാപവും. സംഘര്‍ഷത്തിനും കലാപത്തിനുമെല്ലാം ക്ഷിപ്രപ്രകോപനത്തിന്റെ വേരുകളുണ്ട്. പ്രകോപനത്തില്‍ നിന്നാണ് ഇവ രണ്ടും ഉരുവം കൊള്ളുക. വംശഹത്യയാകട്ടെ ദീര്‍ഘകാലമായി നടന്നുവരുന്ന ഒരു പ്രക്രിയയുടെ നടപ്പാക്കലാണ്. സംഘര്‍ഷവും കലാപവുമെല്ലാം ആ നടപ്പാക്കലിന്റെ വഴികള്‍ മാത്രമാണ്. വംശഹത്യ എങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണം നമ്മെ എത്തിക്കുന്നത് അതിന്റെ കളമൊരുക്കങ്ങളിലേക്കാണ്. വാസ്തവത്തില്‍ ഈ കളമൊരുക്കലിന്റെ ലക്ഷ്യം വംശഹത്യയല്ല. നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്ന് ഒരു വിനാശകരമായ ബിന്ദുവില്‍ എത്തിച്ചേരുമ്പോഴാണ് വംശഹത്യ പോലെ തലമുറകളെ നടുക്കുന്ന നടപ്പാക്കല്‍ സംഭവിക്കുക. ഈ പ്രവര്‍ത്തനങ്ങളില്‍ ആദ്യമുണ്ടാവുക വിശ്വാസജീവിതവുമായി ബന്ധപ്പെട്ട അപരവത്കരണമാണ്. ഡല്‍ഹി സര്‍വകലാശാലയിലെ സോഷ്യോളജി ഗവേഷകരുടെ സംഘം ഇക്കാര്യം സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ പൊതുമണ്ഡലത്തിലുണ്ട്. ഗുജറാത്തില്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഈ അപരവത്കരണ പ്രക്രിയ സജീവമായിരുന്നു. ബാബരി ജ്വലിച്ചുനിന്ന കാലമാകയാല്‍ അതിന് ബലമേറുകയും ചെയ്തു.
വിശ്വാസജീവിതത്തിന്റെ അനിവാര്യതകളാല്‍ മുസ്‌ലിംകള്‍ സംഘം ചേര്‍ന്ന് ജീവിക്കുന്നത്, അഥവാ മുസ്‌ലിം പോക്കറ്റുകള്‍ രൂപപ്പെടുന്നത് ലോകമാകമാനമുള്ള ഒരു സ്വാഭാവികതയാണ്. പള്ളി എന്ന ഭൗതിക സാന്നിധ്യവും മഹല്‍ ജീവിതവുമെല്ലാമാണ് അതിന്റെ കാരണം. ഇങ്ങനെ രൂപപ്പെട്ട മുസ്‌ലിം പോക്കറ്റുകളെ ചൂണ്ടി വിദ്വേഷവര്‍ത്തമാനങ്ങള്‍ സജീവമായി. ചെറിയ തര്‍ക്കങ്ങള്‍ അതിനെത്തുടര്‍ന്നുണ്ടാവുകയും ചെയ്തു. ചില സവിശേഷദിനങ്ങളിലെ പൊതുറാലികള്‍ മുസ്‌ലിംജീവിതവുമായി ബന്ധപ്പെട്ട ചിഹ്‌നങ്ങളാല്‍ സമ്പന്നമായിരുന്നു. അതിനെ മുസ്‌ലിംതീവ്രവാദമായി പ്രചരിപ്പിച്ചു. ഇതിനുപിന്നില്‍ സംഘടിതമായ അജണ്ടകള്‍ ഉണ്ടായിരുന്നു എന്നത് പിന്നീട് വലിയ തോതില്‍ വെളിപ്പെടുന്നുണ്ട്.

ഈ പ്രക്രിയയുടെ അടുത്ത ഘട്ടമായിരുന്നു ഏറെ അപകടകരവും ക്ഷിപ്രഫലം ഉളവാക്കിയതും. അത് മുസ്‌ലിംകളുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ടായിരുന്നു. വ്യവസായത്തിന്റെയും കച്ചവടത്തിന്റെയും സമ്പന്നമായ പാരമ്പര്യം ഒരു വിഭാഗം ഗുജറാത്തി മുസ്‌ലിംകള്‍ക്ക് കാലങ്ങളായി ഉണ്ടായിരുന്നു. കൂട്ടായ്മയുടെ ബലം കൊണ്ടും വിശ്വാസജീവിതത്തിന്റെ ഭാഗമായുള്ള ഇടപഴകല്‍ കൊണ്ടും ആ പ്രവര്‍ത്തനങ്ങള്‍ സഹമുസ്‌ലിം ജീവിതത്തിലേക്കും പടര്‍ന്നു. ഇതിനെ മുസ്‌ലിംകള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു, കച്ചവടങ്ങള്‍ അവര്‍ സ്വന്തമാക്കുന്നു, ഹിന്ദുക്കള്‍ ബിസിനസില്‍ ഇതുമൂലം പരാജയപ്പെടുന്നു എന്ന തരത്തില്‍ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി. ബാബരിക്കാലത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമാകാന്‍ തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ ഇക്കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തുടങ്ങി. വിശ്വാസത്തെക്കാള്‍ വേഗത്തില്‍ വിദ്വേഷം ജനിപ്പിക്കാന്‍ പണത്തിന് ശേഷിയുണ്ട്. ഈ പ്രചാരണം വലിയ തോതില്‍ ഫലം കണ്ടു. സാമ്പത്തികമായി ഒരു വിഭാഗം മുസ്‌ലിംകള്‍ക്ക്, വ്യാപാരത്തിലൂടെയും മറ്റും, സമ്പത്തുണ്ടായത് അസഹിഷ്ണുതയും വെറുപ്പും പ്രചരിപ്പിക്കാനുള്ള അവസരമായി സംഘപരിവാർ മാറ്റി. ഗുജറാത്ത് വംശഹത്യയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മുസ്‌ലിംകളുടെ സാമ്പത്തികജീവിതം തകര്‍ക്കുക എന്നതായിരുന്നു. അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം പൊതുമണ്ഡലത്തില്‍ ഉള്ളതും നമ്മളെല്ലാം പലതവണ കടന്നുപോകുകയും ചെയ്തതാണ്. ഒന്നും പുതുതല്ല. പക്ഷേ, ഓര്‍മകള്‍ നിലനിര്‍ത്തുക എന്നതാണ് ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വഴി. അതിനാല്‍ നാം ഇക്കാര്യങ്ങളെല്ലാം ഓര്‍ത്തുകൊണ്ടിരിക്കണം. അതിനാലാണ് ആമുഖം ഇത്ര ദീര്‍ഘിച്ചത്. വിഷയത്തിലേക്ക് പോകാം.

ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല ഹലാല്‍ എന്ന സംജ്ഞ ഉപയോഗിച്ച് കേരളത്തില്‍ ഇക്കഴിഞ്ഞ നാളുകളില്‍ ഉണ്ടായ കോലാഹലങ്ങള്‍. ഹലാല്‍ കേരളത്തിന് ഒരു പുതിയ പദമല്ല. ആ വാക്കിന്റെ അര്‍ഥം, അതിന്റെ പ്രയോഗം മനസിലാകാത്തവരല്ല മലയാളികള്‍. പക്ഷേ, ഒരു പച്ചക്കള്ളം പ്രചരിപ്പിക്കപ്പെട്ടു. തുപ്പല്‍ വീഴ്ത്തിയാണത്രേ ഭക്ഷണം ഹലാല്‍ ആക്കുന്നത്. പച്ചനുണ എന്ന് അറിയാവുന്നവര്‍ പോലും അത് പ്രചരിപ്പിച്ചു. ഹലാല്‍ എന്നാല്‍ മുസ്‌ലിം ഭക്ഷണം എന്നും ഹലാല്‍ അല്ലാത്തത് മുസ്‌ലിം ഇതര ഭക്ഷണം എന്നും വ്യാഖ്യാനം വന്നു. ലക്കും ലഗാനുമില്ലാതെ സോഷ്യല്‍ മീഡിയ വിവാദം ഏറ്റെടുത്തു. ഹലാല്‍ ഹോട്ടലുകളും ഹലാല്‍ അല്ലാത്ത ഹോട്ടലുകളും എന്ന വിഭജനം ചിലര്‍ പദ്ധതിയിട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുതല്‍ അവിവേകിയായ പി. സി. ജോര്‍ജ് വരെ കൊടുംനുണകള്‍ പറത്തിവിട്ടു. അപകടകരമായ ഒരു മുനമ്പിലേക്ക് കാര്യങ്ങള്‍ സഞ്ചരിച്ചേക്കുമെന്ന് മതേതര ബഹുസ്വര കേരളം ഭയപ്പെട്ടു. ഗുജറാത്തില്‍ സംഭവിച്ചതുപോലെ ഒരു ജനവിഭാഗത്തിന്റെ, ഒരു വിശ്വാസി വിഭാഗത്തിന്റെ സാമ്പത്തികജീവിതത്തെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായ ഭയം ഉല്‍പാദിപ്പിക്കപ്പെട്ടു. കൊവിഡ് പലതരം തൊഴില്‍ മേഖലകളെ അടച്ചുകളഞ്ഞിരുന്നല്ലോ. ഉള്ള സമ്പാദ്യം വാരിയെടുത്ത് ഭക്ഷണ ബിസിനസിലേക്ക് ഇറങ്ങിയ നൂറുകണക്കിന് സംരംഭകര്‍ കേരളത്തില്‍ അങ്ങോളമുണ്ട്. അവരില്‍ നിന്ന് മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് തകര്‍ക്കുമോ എന്ന ഭയം ഉയര്‍ന്നു. പക്ഷേ, വിവേകികള്‍ ഇപ്പോഴുമുള്ള കേരളം ആ വിവാദത്തെ തള്ളിക്കളഞ്ഞു. ഈ സമൂഹത്തെക്കുറിച്ച് ആഴത്തില്‍ അഭിമാനിക്കാന്‍പോന്ന വിധം മതേതരകേരളം ഒന്നിച്ചുനിന്ന് വിഷപ്രചാരണത്തെ പരിധി വരെ തകര്‍ത്തു. പെട്ടെന്ന് ഉയര്‍ന്നുവന്ന ഒന്നായിരുന്നില്ല ഈ പ്രചാരണം. നോ ഹലാല്‍ ബോര്‍ഡുവെച്ച ഒരു വിധ്വംസകത നിങ്ങള്‍ ഓര്‍ക്കുമല്ലോ? ഓര്‍ത്താല്‍ മതി. അത് നമ്മള്‍ വിവരിക്കേണ്ടതില്ല.

പേരെടുത്ത ഒരു മുസ്‌ലിം നാമധാരി അയാളുടെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സമീപകാലത്ത് തിടം വെച്ച ഹലാല്‍ വിവാദത്തിന്റെ ആദ്യ ചലനം ഈ ലേഖകന്‍ ശ്രദ്ധിക്കുന്നത്. കാസറഗോട് നടന്ന ഒരു ചടങ്ങാണ്. ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന ദൃശ്യമാണ്. ചടങ്ങ് ഏതെന്നോ സംഭവം എന്തെന്നോ വിശദീകരിക്കാതെ അയാള്‍ പങ്കുവെച്ച വീഡിയോ ആദ്യം തെറ്റിദ്ധാരണ ഉണര്‍ത്തി എന്നത് കുറ്റബോധത്തോടെ തുറന്നുപറയട്ടേ. പിന്നീട് നടത്തിയ ചെറിയ അന്വേഷണത്തില്‍ സംഗതി തിരിഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇതേ വീഡിയോ ഉപയോഗിച്ച് തുപ്പല്‍ വിവാദം കൊടിയേറ്റിയതായി കണ്ടു. ആയിരക്കണക്കിന് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ പറന്നു നടക്കുന്നതായി അറിഞ്ഞു. പിന്നെ ഒരു പുകിലായിരുന്നു. അതെല്ലാം നിങ്ങള്‍ കേട്ടതാണ്. കണ്ടതാണ്. അറിഞ്ഞതാണ്. പലതരം ആചാരങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ് ബഹുസ്വര ജീവിതം എന്ന പ്രാഥമിക തത്വം ലംഘിച്ചായിരുന്നു ഈ പറക്കല്‍. തൊട്ടുപിന്നാലെ അതേ മുസ്‌ലിം നാമധാരിയുടെ മറ്റൊരു പോസ്റ്റും കണ്ടു. ആരാണ് ഹലാല്‍ ബോര്‍ഡ് വെച്ച് ആദ്യമായി വിഭജനം കൊണ്ടുവന്നത് എന്ന് അര്‍ഥം വരുന്ന വാചകങ്ങള്‍. മന്ത്രിച്ചൂതലിനെ തുപ്പലാക്കിയതും പ്രചരിപ്പിച്ചതും കണ്ടപ്പോള്‍ ഉണ്ടായ ലാഘവത്തം പക്ഷേ, അന്നേരമുണ്ടായില്ല. പൊടുന്നനെ ഞാന്‍ ഗുജറാത്ത് ഓര്‍ത്തു. ആ ഓര്‍മയാണ് ഈ കുറിപ്പിന്റെ ആമുഖമായി നിങ്ങള്‍ വായിച്ചത്.

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഹലാല്‍ എന്ന അറബിപദത്തെ ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ച വിഭജന യുക്തിയെ രാഷ്ട്രീയമായി മനസിലാക്കാന്‍ എളുപ്പമാണ്. അതവരുടെ ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഒരു നീക്കമാണ്. അത്തരമൊരു വിഭജനം സാധ്യമാകാത്ത തരത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രമെന്നതാണ് അവരെ പരാജയപ്പെടുത്തുന്ന ഘടകം. അതോടൊപ്പം തന്നെ കേരളത്തിന്റെ അടിത്തട്ട് ജീവിതത്തില്‍ പരസ്പരം അടര്‍ത്താനാവാത്ത വിധം കെട്ടു പിണഞ്ഞതാണ് വിശ്വാസി മുസ്‌ലിമിന്റെയും മുസ്‌ലിം ഇതരരുടെയും ജീവിതം. അതിന്റെ സുപ്രധാന ഊടും പാവും സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഇടകലരല്‍ ആണ്. അതിനെ പൊളിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. അതത്ര എളുപ്പമല്ല എന്ന് അവര്‍ക്ക് അറിയുകയും ചെയ്യും. അടിത്തട്ട് സാമൂഹികതയില്‍ ആഴത്തിലുള്ള ഒരു വര്‍ഗീയ വിഭജനം കേരളത്തില്‍ സാധ്യമാകുകയില്ല. സാധ്യമാക്കാന്‍ കഴിയുന്ന ഒരേയൊരിടം വേണമെങ്കില്‍ വിശ്വാസി മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള മലപ്പുറം മേഖലയാണ്. പക്ഷേ, കേരളത്തിന്റെ മതേതര ബഹുസ്വരതയുടെ പ്രകാശമാനമായ സാന്നിധ്യം ഏറ്റവും കൂടുതല്‍ ദൃശ്യമാവുന്ന ഇടങ്ങളിലൊന്നും മലപ്പുറമാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ തണലില്‍ മലപ്പുറം കേന്ദ്രമാക്കി സംഘപരിവാര്‍ പലകാലങ്ങളില്‍ വിഭജനതന്ത്രം പയറ്റിയിട്ടുണ്ട്. കേരളത്തിന്റെ പുരോഗമന മുഖമായ ചിലരും പലപ്പോഴും ആ കെണിയില്‍ വീണിട്ടുമുണ്ട്. പക്ഷേ, അപ്പോഴെല്ലാം വിശ്വാസി മുസ്‌ലിമും മുസ്‌ലിം ഇതരരും തമ്മിലെ ചരിത്രപരമായ ഇഴയടുപ്പം ആ വിദ്വേഷശ്രമങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. ഒടുവില്‍ 1921ലെ മലബാര്‍ വിപ്ലവത്തില്‍ പിടിച്ച് സംഘപരിവാറും പൊളിറ്റിക്കല്‍ ഇസ്‌ലാമും നടത്തിയ ശ്രമങ്ങള്‍ നാം കണ്ടതാണ്. അതും പക്ഷേ, ദയനീയമായി പരാജയപ്പെട്ടു.

ഹലാല്‍ വിവാദം പക്ഷേ, തുടക്കത്തില്‍ കൈവിട്ടുപോകുന്ന പല ലക്ഷണങ്ങളും കാണിച്ചു. സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്ന ഒന്നാണല്ലോ അത്. സ്വാഭാവികമായും അത് ഇരകളെ പരിഭ്രാന്തരാക്കും. ആ പരിഭ്രാന്തിയാണ് സംഘപരിവാര്‍ ലക്ഷ്യം വെച്ചത്. പക്ഷേ, കേരളം അനിതര സാധാരണമായ പക്വതയോടെ ആ ശ്രമങ്ങളെ കുഴിച്ചുമൂടുന്ന കാഴ്ച നാം കണ്ടു. പക്ഷേ, ലിബറലുകള്‍ എന്ന നാട്യത്തില്‍ ഈ വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ ഉയര്‍ത്തിയ വാദങ്ങള്‍ അത്യപകടകരമായ ചില സൂചനകള്‍ നല്‍കുന്നത് കാണാതിരിക്കരുത്. മുസ്‌ലിം വിശ്വാസവുമായി ബന്ധപ്പെട്ട പ്രകാശനങ്ങളെ അപരവത്കരിച്ച് അപഹസിക്കുകയും അതുവഴി ഒറ്റപ്പെട്ടതാണെങ്കില്‍ പോലുമുള്ള പ്രകോപനങ്ങളെ ക്ഷണിച്ചുവരുത്തുകയും അതിനെ സുവര്‍ണാവസരമായി മാറ്റുകയും ചെയ്‌തേക്കാം. മതേതര മനുഷ്യര്‍ അതിജാഗ്രത്താവേണ്ട സാഹചര്യമാണിത്. ലിബറലും സെക്യുലറുമാവുകയെന്നാല്‍ വിശ്വാസങ്ങളെ അപഹസിക്കലാണെന്ന് ധരിച്ചുവശായവരെ തിരുത്താന്‍ പൊതുസമൂഹം തയാറാവേണ്ടതുമുണ്ട്.

എന്തുകൊണ്ടാണ് ഹലാല്‍ മുന്‍നിര്‍ത്തിയുള്ള മുസ്‌ലിംവിരുദ്ധ നീക്കം പാളിപ്പോയത്? അതിന്റെ ഉത്തരം വര്‍ഗീയതക്കെതിരായ നിലപാടുകളില്‍ പരമ പ്രധാനമാണ്. നിങ്ങള്‍ക്ക് വര്‍ഗീയമായ ഒരു സംഘാടനത്തെയും വര്‍ഗീയത കൊണ്ട് ചെറുക്കാനാവില്ല. സംഘപരിവാരത്തിനും ഫാഷിസത്തിനും എതിരേ നിങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയില്‍ പോയി, അല്ലെങ്കില്‍ എസ്.ഡി.പി.ഐയുടെ വേദിയില്‍ പോയി പ്രസംഗിക്കാം. പക്ഷേ, അത് പ്രതിരോധമാവില്ല. മാത്രമല്ല അത് സംഘപരിവാര്‍ പദ്ധതികളെ കൂടുതല്‍ ശക്തവുമാക്കും. പരിസ്ഥിതി സമരങ്ങളിലെ വെല്‍ഫെയര്‍ പാര്‍ട്ടി സാന്നിധ്യം ആ സമരങ്ങളുടെ ലക്ഷ്യത്തെ തകര്‍ത്ത ചരിത്രം ഓര്‍ക്കാവുന്നതാണ്. ഇപ്പോള്‍ നോക്കൂ, തിരുവനന്തപുരത്തെ ദത്ത് വിവാദത്തില്‍ അക്കൂട്ടര്‍ എടുത്ത നിലപാട്, സമൂഹത്തെയും കുടുംബത്തെയും സംബന്ധിച്ച അവരുടെ, അല്ലെങ്കില്‍ അവര്‍ വിശസിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഹിതയുടെ, അല്ലെങ്കില്‍ മതത്തിന്റെ മൂല്യബോധവുമായി ചേരുന്ന ഒന്നായിരുന്നോ? അല്ല. വെറുതേ നാടകമാടുന്നു. ഇത്തരം നാടകങ്ങള്‍ ആടാനെ കഴിയൂ. അതുകൊണ്ട് വര്‍ഗീയതയെ, ഗുജറാത്തില്‍ സംഘപരിവാര്‍ നടപ്പാക്കിയ ഉന്മൂലനത്തെ ചെറുക്കാനാവില്ല. അക്കൂട്ടര്‍ പിന്നണിയിലേക്ക് പോയതാണ് ഹലാല്‍ പദ്ധതി പരാജയപ്പെടാനുള്ള ഒരു കാരണം. ചര്‍ച്ചകള്‍ കാര്യമായി വഴിതെറ്റിയില്ല. വെല്ലുവിളികള്‍ ഉണ്ടായില്ല.

രണ്ടാമത്തെ കാരണം അതിലും പ്രധാനമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഒരു സാമൂഹികതയുടെ അടരുകളെ നിര്‍മിക്കുന്നതും നിര്‍ണയിക്കുന്നതും. കേരളത്തിന്റെ സമ്പദ്ജീവിതം അഥവാ സമ്പദ്ഘടന ബഹുസ്വരമായ ഒന്നാണ്. അത് മതേതരവുമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എല്ലാ വിശ്വാസങ്ങളും ഇട കലര്‍ന്ന ഒന്നാണ്. ബിസിനസിന് അതിന്റേതായ ഒരു സാമൂഹിക മൂല്യവ്യവസ്ഥ കേരളത്തിലുണ്ട്. അങ്ങനെ ഉണ്ടായിത്തീര്‍ന്നത് ചരിത്രപരമായാണ്. അത് എളുപ്പത്തില്‍ തകരില്ല. അവിടെ ഹലാല്‍ ബോര്‍ഡ് ഒരു ബിസിനസ് തന്ത്രം മാത്രമാണെന്നും മനുഷ്യവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതുപോലെ വര്‍ഗീയ വേര്‍തിരിവല്ലെന്നും മനസിലാക്കപ്പെടും. മറാത്തി ഹിന്ദുവിന്റെ ഫാക്ടറിയില്‍ ഉണ്ടാക്കുന്ന ശര്‍ക്കരയില്‍ ഹലാല്‍ എന്ന് അച്ചടിക്കുന്നതിന്റെ ബിസിനസ് യുക്തി കേരളത്തിന്റെ മതേതര ബിസിനസ് ഘടനക്ക് എളുപ്പം മനസിലാകും. നിയമഭേദഗതിയിലൂടെ ഹലാൽ സംജ്ഞ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്ത്യയുടെ മാംസ കയറ്റുമതിയെ ബാധിച്ചത് എങ്ങനെയെന്ന് കേരളത്തിന് നന്നായി മനസിലാകും. അങ്ങനെ മനസിലാകുന്ന ഒരു സമൂഹമാണ് നമ്മള്‍ എന്നതിനാല്‍ ഹലാല്‍ പദ്ധതി പരാജയപ്പെട്ടു എന്ന് പറയാം.
പക്ഷേ, മറ്റൊരു പദ്ധതിയുമായി, അല്ലെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ പദ്ധതിയുമായി അവര്‍ വന്നേക്കാം. വ്യാപാര അസൂയയും മതവെറിയും ചേര്‍ന്നാണ് കോഴിക്കോട്ട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റില്‍ അക്രമം നടത്തിയത്. അതിനെ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിന് എതിരായ നീക്കം എന്നാണ് ലിബറല്‍ കേരളം വായിച്ചത്. വ്യാപാരത്തിനോടുള്ള മതവെറിയായി അതിനെ അന്നേ മനസിലാക്കാമായിരുന്നു. അതുപോലെ ഹലാല്‍ പദ്ധതി മതവെറിയില്‍ അധിഷ്ഠിതമായ ഒന്നാണ്. ഗുജറാത്തില്‍ പയറ്റിയ ഒന്നാണ്. ഡി വൈ എഫ് ഐ പോലുള്ള യുവജന സംഘടനകള്‍ക്ക് പോലും പ്രശ്‌നത്തിന്റെ ആഴം മനസിലായിട്ടില്ല. അത്തരം വെറിക്ക് സ്ട്രീറ്റ് ഫുഡും മതവിരുദ്ധ സത്യപ്രതിജ്ഞയുമല്ല മറുപടി. മതേതരമായ ജാഗ്രതയാണ്.

കെ കെ ജോഷി

You must be logged in to post a comment Login