ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

കെന്‍ സാരോ വിവയെ ഓര്‍ക്കുന്നുണ്ടോ? കെനൂല്‍ ബീസണ്‍ സാരോ വിവ. ബഹുരാഷ്ട്ര കുത്തകകളുടെ വിഭവചൂഷണത്തിനെതിരില്‍ തദ്ദേശീയര്‍ നടത്തിയ ചെറുത്തുനില്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പേരാണ് കെന്‍ സാരോ വിവ. ഒഗോണികളുടെ കവി. നൈജീരിയയില്‍ റോയല്‍ ഡച്ച് ഷെല്‍ എന്ന ബഹുരാഷ്ട്ര ഭീമന്റെ വിഭവക്കൊള്ളക്കെതിരെ കെന്‍ രംഗത്തു വന്നു. എണ്ണക്കമ്പനിയാണ് റോയല്‍ ഡച്ച്. ഒഗോണി  വംശത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുംവിധം പാരിസ്ഥിതിക ചൂഷണമാണ് കമ്പനി ഖനനത്തിന്റെ മറവില്‍ നടത്തിയത്. തൊണ്ണൂറുകളാണ്. കമ്പനിക്കും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന നൈജീരിയന്‍ പട്ടാള ഭരണകൂടത്തിനുമെതിരില്‍ കെന്‍ ഒഗോണികളെ അണിനിരത്തി. ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ വിഭവാധികാരം എന്നീ പ്രമേയങ്ങള്‍ ആഴമുള്ള മുദ്രാവാക്യങ്ങളായി. ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ കോളനിവാഴ്ചയെക്കുറിച്ച് കെന്‍ തന്റെ ജനതയോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിച്ചു. ഒഗോണികള്‍ തെരുവിലിറങ്ങി. ലോകമെമ്പാടുമുള്ള പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ക്ക് കെന്‍ നടത്തുന്ന പോരാട്ടം ഊര്‍ജം പകര്‍ന്നു. കൊള്ളലാഭം ലാക്കാക്കിയുള്ള ചൂഷണങ്ങളില്‍ നിന്ന് റോയല്‍ ഡച്ചിന് പിന്തിരിയേണ്ടി വന്നു. കമ്പനികളുമായി കച്ചവടമുറപ്പിച്ച പട്ടാളഭരണകൂടത്തിന് വിറളിപിടിച്ചു. അവര്‍ കെന്‍ സാരോ വിവയെ നോട്ടമിട്ടു. സാനി അബാച്ചയുടെ തേര്‍വാഴ്ച കാലമാണ് അന്ന് നൈജീരിയയില്‍. തന്റെ ജനതയ്ക്കായി തെരുവിലിറങ്ങി, അവര്‍ക്കായി പടപ്പാട്ടുകള്‍ രചിച്ച്, അവര്‍ക്കായി സ്വയം സമര്‍പ്പിച്ച സാരോ വിവയെ പട്ടാളം പിടികൂടി. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ വകവെക്കാതെ 1995 നവംബര്‍ 10 ന് അവര്‍ കെന്‍ സാരോ വിവയെ തൂക്കിലേറ്റി. സാരോ വിവ കൊല്ലപ്പെട്ടു. പോരാളികളുടെ രക്തസാക്ഷിത്വങ്ങള്‍ പാഴാകാറില്ല. പാഴായില്ല. കുത്തകകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തദ്ദേശീയ ജനത അവരുടെ നിലകളില്‍ ചെറുത്തുനില്‍പുകള്‍ നടത്തി. നിങ്ങള്‍ക്ക് പാലക്കാട്ടെ പെരുമാട്ടി എന്ന ദേശത്തെയും  മയിലമ്മയെയും ഓര്‍ക്കാം. ചെറുതെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന, നമ്മുടെ മുഖ്യധാരയുടെ പരിഗണനകളില്‍ വളരെയൊന്നും വരാത്ത ഇത്തരം ഒറ്റയായ സമരങ്ങളാണ് പക്ഷേ, ജനതയുടെ ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ സംരക്ഷിക്കുന്നത്.
അത്തരമൊരു പോരാട്ടത്തിന്റെയും അതിന്റെ അസാധാരണ വിജയത്തിന്റെയും കഥ പറയാനാണ് കെന്‍ സാരോ വിവയെ ഓര്‍ത്തത്. വിജയികള്‍ ഇന്ത്യന്‍ കര്‍ഷകരാണ്. തോറ്റത് പെപ്‌സികോ എന്ന അന്താരാഷ്ട്ര ഭീമനും. ഒരു വര്‍ഷത്തിലേറെ നീണ്ട ഐതിഹാസികസമരം കര്‍ഷകര്‍ ജയിച്ചതിന്റെ ആഹ്ലാദവും പ്രതീക്ഷാനിര്‍ഭരമായ ആവേശവും അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന അതേ നാളുകളിലാണ് ഈ വിജയമെന്ന് ഓര്‍ക്കുക. കവിത കുറുഗണ്ഡി എന്ന പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തക കര്‍ഷകരോടൊപ്പം ചേര്‍ന്ന് നടത്തിയ ദീര്‍ഘമായ നിയമയുദ്ധത്തിനൊടുവിലാണ് താല്‍ക്കാലികമായെങ്കിലും പെപ്സികോ മുട്ടുമടക്കാന്‍ തയാറായത്.

വന്‍ പ്രചാരമുള്ള ഒരു പെപ്സികോ ഉല്‍പന്നമാണ് ലെയ്‌സ് എന്ന പേരില്‍ പുറത്തിറക്കുന്ന ഉരുളക്കിഴങ്ങ് ചിപ്‌സ്. ഉപ്പ് ജാലവിദ്യകള്‍ കാണിക്കുന്ന, ക്രിസ്പി ആയ ഒരു സംഗതി. കുട്ടികളാണ് ഉപഭോക്താക്കളില്‍ ബഹുഭൂരിപക്ഷം. സവിശേഷമായി വികസിപ്പിച്ച ഉരുളക്കിഴങ്ങാണ് ലെയ്‌സ് ഉണ്ടാക്കാന്‍ പെപ്‌സി ഉപയോഗിക്കുന്നത്. ആദ്യകാലത്ത് അങ്ങനെ ആയിരുന്നില്ല. കര്‍ഷകരില്‍ നിന്ന് ഉരുളക്കിഴങ്ങ് സംഭരിച്ച് സംസ്കരിച്ചായിരുന്നു നിര്‍മാണം. ഉരുളക്കിഴങ്ങാണ് വാസ്തവത്തില്‍ ഉല്‍പന്നം. അല്‍പകാലം കഴിഞ്ഞതോടെ സംസ്‌കരിക്കപ്പെട്ട ഉരുളക്കിഴങ്ങിന്റെ അതേ ഘടനയുള്ള ഉരുളക്കിഴങ്ങ് വികസിപ്പിച്ച് വിളവെടുക്കുന്ന പദ്ധതിയായി. അത്തരം വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കി. അത്ഭുതക്കിഴങ്ങ് ഒന്നുമല്ല അതെന്ന് സ്വാഭാവികമായും കര്‍ഷകര്‍ക്ക് മനസിലായി. ഗുജറാത്തിലെ കര്‍ഷകര്‍ സ്വന്തം നിലക്ക് അമ്മട്ടിലുള്ള ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കാന്‍ തുടങ്ങി. സ്വാഭാവികമായും മറ്റു കമ്പനികളും അവരില്‍ നിന്ന് വാങ്ങുമല്ലോ? കോര്‍പറേറ്റ് കോളനീകരണത്തിന്റെ ഒരു ശീലം ഉത്പന്നങ്ങള്‍ക്കൊപ്പം അവര്‍ തങ്ങളുടെ താല്‍പര്യങ്ങളെയും വിപണനം ചെയ്യും എന്നതാണ്. നൈജീരിയയില്‍ റോയല്‍ ഡച്ച് കമ്പനി എണ്ണ ഊറ്റുന്നതായിരുന്നില്ല ഒഗോണികള്‍ക്ക് ഭീഷണിയായത്. മറിച്ച് അവരെ അവരുടെ ആവാസത്തില്‍ നിന്ന് പുറത്താക്കി, അവരുടെ ദേശത്തെ മുഴുവന്‍ ഒരു എണ്ണപ്പാടമാക്കി മാറ്റാനും എണ്ണ ഊറ്റുമ്പോള്‍ പാലിക്കേണ്ട പാരിസ്ഥിതിക മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാകാനുമുള്ള കമ്പനിയുടെ പദ്ധതികളാണ്. ഗുജറാത്തില്‍ പെപ്സികോ ചെയ്തതും മറ്റൊന്നുമല്ല. ഉരുളക്കിഴങ്ങ് പാടങ്ങളില്‍ നിന്ന് കര്‍ഷകരുടെ ജന്മാവകാശങ്ങളെ പിഴുതുമാറ്റുക. കമ്പനി നല്‍കുന്ന വിത്തുകള്‍ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് ഉണ്ടാക്കി കമ്പനി പറയുന്ന വിലക്ക് കമ്പനിക്ക് കൊടുക്കണം എന്നായിരുന്നു നിലപാട്. കര്‍ഷകര്‍ കേള്‍ക്കുമോ? കേട്ടില്ല. അവര്‍ സ്വന്തം നിലയില്‍ കൃഷി തുടര്‍ന്നു. അതോടെ കമ്പനി ഇടഞ്ഞു. ബഹുരാഷ്ട്രന്‍മാരുടെ മുത്തപ്പനായ ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിറപ്പിച്ച ചോരയാണ് ഇന്ത്യൻ കിസാന്റേത്. അവരും വിട്ടില്ല.

കമ്പനി  നിയമയുദ്ധം പ്രഖ്യാപിച്ചു. ലെയ്‌സ് ഉണ്ടാക്കാനുള്ള തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്യരുത് എന്ന തിട്ടൂരം പുറപ്പെടുവിച്ചു. ഉദാരവത്കരണം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ദ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് എന്ന 2001-ലെ നിയമമാണ് പെപ്സികോ ആയുധമാക്കിയത്. അതിന്റെ 64-ാം വകുപ്പില്‍ ഇങ്ങനെ കാണാം: “”Infringement.—Subject to the provisions of this Act, a right established under this Act is infringed by a person—
(a) who, not being the breeder of a variety registered under this Act or a registered agent or a registered licensee of that variety, sells, exports, imports or produces such variety without the permission of its breeder or within the scope of a registered licence or registered agency without permission of the registered licensee or registered agent, as the case may be;
(b) who uses, sells, exports, imports or produces any other variety giving such variety, the denomination identical with or deceptively similar to the denomination of a variety registered under this Act in such manner as to cause confusion in the mind of general people in identifying such variety so registered.”
ബ്രീഡര്‍ എന്ന വാക്ക് ശ്രദ്ധിക്കണം. രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടിയ വിള മറ്റൊരാള്‍ ഉണ്ടാക്കരുത് എന്നതാണ് ചുരുക്കം. കര്‍ഷകന് വിളയിന്‍മേലും കൃഷിയിന്‍മേലുമുള്ള അവകാശത്തിനു നേരെയുള്ള കയ്യേറ്റമായിരുന്നു ഈ വകുപ്പ്. മറ്റു പലതും പോലെ പാര്‍ലമെന്റോ മാധ്യമങ്ങളോ അമ്മാതിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. കര്‍ഷകരുമായി യുദ്ധം പ്രഖ്യാപിച്ച പെപ്സികോ 2019-ല്‍ അഹമ്മദബാദ് കോടതിയെ സമീപിച്ചു. ലെയ്‌സ് ഉണ്ടാക്കാനുപയോഗിക്കുന്ന, അതിനായി തങ്ങള്‍ The Protection of Plant Varieties and Farmers’ Rights Act പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇനം ഉരുളക്കിഴങ്ങ് ഒരു വിഭാഗം കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നു എന്നായിരുന്നു കേസ്. ഒരു പടികൂടി കടന്ന്  ഒന്നരക്കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഒമ്പതു കര്‍ഷകര്‍ക്കെതിരെ ഹരജിയും നല്‍കി.
നോക്കണം ഇന്ത്യന്‍ കര്‍ഷകരാണ്. കാലാവസ്ഥയും സാമ്പത്തിക നയവൈകല്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങളിലെ കര്‍ഷക വിരുദ്ധതയും മൂലം പൊറുതിമുട്ടിയ ജനതയാണ്. പാടങ്ങളില്‍ ജീവനൊടുക്കുന്നവരുടെ പ്രതിനിധികളാണ്. രാജ്യത്തെ അന്നമൂട്ടാന്‍ അന്നം വെടിഞ്ഞവരാണ്. നഗരം സമൃദ്ധമായി ഉണ്ണുമ്പോള്‍ അന്നനാളത്തില്‍ മാറാല കെട്ടും മട്ടില്‍ ശൂന്യരായിപ്പോയ മനുഷ്യരാണ്. പൊള്ളിപ്പിടഞ്ഞ, ചോരവാര്‍ന്ന പാദങ്ങളുമായി നഗരങ്ങളിലേക്ക് തേങ്ങിത്തേങ്ങി വരുന്നവരാണ്. ഗതികെട്ട മനുഷ്യരാണ്. അവരോടാണ് ഒരു ബഹുരാഷ്ട്ര ഭീമന്‍ ഒന്നരക്കോടിയുടെ നഷ്ടപരിഹാരം ചോദിക്കുന്നത്. അതും അവരുടെ ജന്മാവകാശമായ കൃഷി നടത്തിയതിന്. ആ കേസും രാജ്യത്ത് ചര്‍ച്ചയായില്ല. പക്ഷേ, സൂര്യനോടും കാറ്റിനോടും നേർക്കുനേര്‍ നില്‍ക്കുന്ന മനുഷ്യരാണല്ലോ കര്‍ഷകര്‍. അവര്‍ക്ക് നഗരങ്ങളുടെ ചര്‍ച്ചാ കാരുണ്യം ആവശ്യമില്ലല്ലോ? അവര്‍ പൊരുതി. പെപ്‌സിയെ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി. ബഹുരാഷ്ട്രനും ഇന്ത്യന്‍ കിസാനും നേർക്കുനേര്‍ വന്നു. The Protection of Plant Varieties and Farmers’ Rights Act, 2001-ലെ 39-ാം വകുപ്പില്‍ ഒരു പഴുതുണ്ട്. അല്‍പം ദൈര്‍ഘ്യമുണ്ട്. പക്ഷേ, ഇനിയുള്ള കാലം നാം ഇടയ്ക്കിടെ ഓര്‍മിക്കേണ്ടതുമുണ്ട്. ഇതാണ് ആ പഴുത്: “”1) Not withstanding anything contained in this Act,—
(i) a farmer who has bred or developed a new variety shall be entitled for registration and other protection in like manner as a breeder of a variety under this Act;

(ii) the farmers’ variety shall be entitled for registration if the application contains declarations as specified in clause (h) of sub-section (1) of section 18;

(iii) a farmer who is engaged in the conservation of genetic resources of land races and wild relatives of economic plants and their improvement through selection and preservation shall be entitled in the prescribed manner for recognition and reward from the Gene Fund: Provided that material so selected and preserved has been used as donors of genes in varieties registrable under this Act;

(iv) a farmer shall be deemed to be entitled to save, use, sow, resow, exchange, share or sell his farm produce including seed of a variety protected under this Act in the same manner as he was entitled before the coming into force of this Act: Provided that the farmer shall not be entitled to sell branded seed of a variety protected under this Act. Explanation.—For the purposes of clause (iv), “branded seed” means any seed put in a package or any other container and labelled in a manner indicating that such seed is of a variety protected under this Act.

(2) Where any propagating material of a variety registered under this Act has been sold to a farmer or a group of farmers or any organisation of farmers, the breeder of such variety shall disclose to the farmer or the group of farmers or the organisation of farmers, as the case may be, the expected performance under given conditions, and if such propagating material fails to provide such performance under such given conditions, the farmer or the group of farmers or the organisation of farmers, as the case may be, may claim compensation in the prescribed manner before the Authority and the Authority, after giving notice to the breeder of the variety and after providing him an opportunity to file opposition in the prescribed manner and after hearing the parties, it may direct the breeder of the variety to pay such compensation as it deems fit, to the farmer or the group of farmers or the organisation of farmers, as the case may be.”

അതായത് ഒരു കര്‍ഷകൻ അവനുണ്ടാക്കുന്ന ഉത്പന്നത്തിന് മേല്‍ അവകാശമുണ്ടെന്ന്. ഒരു പുതിയ ഇനത്തെ മെനഞ്ഞുണ്ടാക്കിയാല്‍ അവന്‍ ആ ഉത്പന്നത്തിന്റെ രജിസ്‌ട്രേഡ് ഉടമസ്ഥനാവും എന്ന്. കര്‍ഷകനുണ്ടാക്കുന്ന വ്യത്യസ്ത വിളകൾക്ക് രജിസ്‌ട്രേഷന്‍ അവകാശമുണ്ടെന്ന്. നാലാമത്തേത് ശ്രദ്ധിക്കണം. അത് കര്‍ഷകന്റെ സമ്പൂര്‍ണാധികാര പ്രഖ്യാപനമായി മനസിലാക്കാം. നിയമത്തിന്റെ രണ്ടാം ഭാഗമാകട്ടെ കുറേക്കൂടി ശക്തമാണ്. ഈ കേസില്‍ പെപ്സികോ തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട അതേ അധികാരവും അവകാശവും കര്‍ഷകര്‍ക്കും കര്‍ഷകസംഘടനകള്‍ക്കും ഉണ്ടെന്ന്. ഈ പഴുതുവെച്ച് കര്‍ഷകര്‍ വാദിച്ചു. ഒപ്പം കോടതിക്ക് പുറത്ത് പെപ്സികോ ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങളും നടത്തി.

കമ്പനിക്ക് കാര്യം തിരിഞ്ഞു. കേസു തോല്‍ക്കുമെന്നും കച്ചവടം ഇടിയുമെന്നും അവര്‍ മനസിലാക്കി. അഹമ്മദാബാദ് കോടതിയില്‍ നിന്ന് അവര്‍ 2019-ഏപ്രില്‍ അവസാനം കേസ് പിന്‍വലിച്ച് തടിതപ്പി.

പക്ഷേ, കര്‍ഷകര്‍ വിട്ടില്ല. Protection of Plant Varieties and Farmers Rights’ Authorityയില്‍ പെപ്‌സിക്ക് രജിസ്‌ട്രേഷന്‍ ഉള്ളിടത്തോളം തങ്ങളുണ്ടാക്കുന്ന ഉരുളക്കിഴങ്ങുകള്‍ അപഹരിക്കപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ സമരം തുടര്‍ന്നു. നിരവധി സംഘടനകളും കവിത കുറുഗന്ധി ഉള്‍പ്പടെയുള്ള പോരാളികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ദീര്‍ഘമായ നിയമയുദ്ധങ്ങള്‍. തങ്ങളെ കള്ളന്‍മാരാക്കി ചിത്രീകരിച്ച് കോടതി കയറ്റിയ കമ്പനിയെ മുട്ടുകുത്തിക്കാതെ പിന്തിരിയില്ല എന്നായിരുന്നു പ്രഖ്യാപനം. ലെയ്‌സുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിനുമേല്‍ തങ്ങള്‍ക്കുണ്ടെന്ന് പെപ്‌സി അവകാശപ്പെടുന്ന ഉടമസ്ഥത വ്യാജമാണെന്നും നിയമപരമായി നിലനില്‍ക്കില്ല എന്നും കര്‍ഷകര്‍ വാദിച്ചു. ഒടുവില്‍ കര്‍ഷകര്‍ വിജയിച്ചു. ഇക്കഴിഞ്ഞ ദിവസം അത് സംഭവിച്ചു.  Protection of Plant Varieties and Farmers Rights’ Authority (PPV&FRA)യില്‍ പെപ്സികോ ഉരുളക്കിഴങ്ങിനുണ്ടായിരുന്ന രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടു. കര്‍ഷകര്‍ക്ക് വിത്തിനും വിളവിനും മേലുള്ള അവകാശം സ്ഥാപിക്കപ്പെട്ടു. ഒരു വലിയ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ അവസാനമായിരുന്നു അത്. പൊതുതാല്‍പര്യത്തിനെതിരാണ് പെപ്‌സിയുടെ നിലപാടെന്ന വാദം അംഗീകരിക്കപ്പെട്ടു. രാജ്യമെമ്പാടുമുള്ള കര്‍ഷകരെ സംബന്ധിച്ച് വലിയ വിമോചനമാണ് ഈ ഒറ്റപോരാട്ടം സാധ്യമാക്കിയത്.
നമ്മുടെ രാജ്യത്ത് ഇങ്ങനെയും ചിലത് നടക്കുന്നുണ്ട്. നാമത് ശ്രദ്ധിക്കുന്നില്ല എന്നേ ഉള്ളൂ. പക്ഷേ, ഒന്നുണ്ട് നമ്മുടെ അശ്രദ്ധയാല്‍ മാത്രമാണ് ഫാഷിസം, അത് ഭരണകൂടത്തിന്റേതായാലും കോര്‍പറേറ്റുകളുടേതായാലും നിലനില്‍ക്കുന്നതും അതിജീവിക്കുന്നതും.

കെ കെ ജോഷി

You must be logged in to post a comment Login