സമൂഹ മാധ്യമങ്ങളിലെ ഇസ്‌ലാമിക സാന്നിധ്യം

സമൂഹ മാധ്യമങ്ങളിലെ ഇസ്‌ലാമിക സാന്നിധ്യം

മനുഷ്യരെ മാനസികമായി ഉണർത്തുകയാണ് ഇസ്‌ലാം. തിന്മയുടെ അനന്തരഫലങ്ങളെക്കുറിച്ച് അത് മുന്നറിയിപ്പ് നൽകുന്നു. നന്മയുടെ അനന്തമായ നേട്ടങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നു. ഇതാണ് ഇസ്‌ലാമിന്റെ ധാർമിക പ്രബോധനം. ഈ പ്രബോധനം കിട്ടിയ ഒരാൾ പക്വമതിയാകുന്നു. ഇസ്‌ലാമിന്റെ സമതുലിതമായ വീക്ഷണങ്ങളിലേക്ക് അയാൾ വന്നെത്തുന്നു. ചിന്താമണ്ഡലങ്ങൾ വികസിക്കുന്നു.

“പ്രബോധനം’ എന്ന വാക്ക് തന്നെ മനസിനോടും അതേ തുടർന്ന് ശരീരത്തോടുമാണ് സംസാരിക്കുന്നത്. വിജയകരമായ പ്രബോധനം ബുദ്ധിയുടെയും വികാരത്തിന്റെയും സംയോജനമാണ്; അങ്ങനെ മനുഷ്യന്റെ ഹൃദയത്തിലേക്കും മനസിലേക്കും ആഴത്തിൽ എത്താനും ഓരോ അണുവിനെയും നിയന്ത്രിക്കാനും ശാന്തത കൈവരുത്താനും അതിന് കഴിയുന്നു. ആകർഷകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. കൂടാതെ, പ്രബോധന പ്രക്രിയയിൽ നല്ലതും ആകർഷണീയവുമായ വാക്കുകളാണ് ഉപയോഗിക്കേണ്ടത്. ഇതിന്റെ പ്രാധാന്യം ഖുർആൻ ഊന്നിപ്പറയുന്നു: “അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‍കിയിരിക്കുന്നത്‌ എന്ന്‌ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാണ്. അതിന്റെ മുരട്‌ ഉറച്ചതാണ്. ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതുമാണ്”(14:24). നല്ല വാക്ക് ഭൂമിയിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള വൃക്ഷം പോലെ ശക്തമാണ്, അതിന്റെ ഫലങ്ങൾ സ്വർഗത്തിലെത്തുന്നു. കൂടാതെ, ദർശനം, സ്പർശനം, കേൾവി എന്നീ ഇന്ദ്രിയങ്ങളെ ആകർഷിക്കുന്നതിലൂടെ ഒരാളുടെ ചിന്തയെ ഉത്തേജിപ്പിക്കാനും നല്ല വാക്ക് സഹായിക്കുന്നു. ഉപയോഗിക്കുന്ന വാക്കുകൾ സത്യത്തിന്റെ, സഭ്യതയുടെ അതിരുകൾക്കപ്പുറത്തേക്ക് പോകാതിരിക്കണം. ഇതാണ് പ്രബോധനത്തിന്റെ നല്ല രൂപം.

സോഷ്യൽ മീഡിയയിൽ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ ജനങ്ങൾക്ക് ഏതു രീതിയിലാണ് ഉപകാരപ്പെടുന്നതെന്ന് ചിന്തിക്കണം. മറ്റു പൊതുവേദികളിൽ ഇസ്‌ലാമിന്റെ പേരിൽ പറയുന്ന വാക്കുകളുടെ ഫലമെന്ത് എന്നതും വിലയിരുത്തണം. ലോകത്തെ സ്വാധീനിച്ച മതത്തെ അത് പരിഹാസ്യമാക്കുമോ എന്ന് ആത്മപരിശോധന ചെയ്യേണ്ടത് നമ്മൾ തന്നെയാണ്.
ചിലരുണ്ട്, ഒരാൾ ഇസ്‌ലാമിനെ വിമർശിച്ചാൽ ഉടനെ പോയി ആ വീഡിയോക്കു മറുപടി കൊടുക്കുന്നു. ഇസ്‌ലാമിൽ താൻ പറയുന്നതാണ് ശരി എന്ന ഭാവമാണവർക്ക്. എന്നാൽ ഇസ്‌ലാമിക സംവാദത്തിന്റെ ഉദാത്ത ഭാവങ്ങൾ അവരിൽ കാണുന്നില്ല എന്നത് സങ്കടകരമായ ഒരവസ്ഥയാണ്. ഒരാൾ ഒരു യുക്തിവാദി സ്ത്രീയെ വിമർശിച്ചത് കണ്ടു. അവൾ, ഇവൾ എന്നൊക്കെ ബഹുമാനം തീണ്ടാത്ത ഭാഷയിലാണ് വിമർശം. ഇത് കണ്ട് മതത്തെ കുറിച്ചു ഒന്നുമറിയാത്ത ഒരു സുഹൃത്ത് ചോദിച്ചു: സ്ത്രീകളെ ഇത്തരത്തിൽ അപമാനിക്കാനാണോ മതം പറയുന്നത്? പുറത്തു നിൽക്കുന്നവരുടെ മനസിൽ നിന്ന് ഇസ്‌ലാമിനോടുള്ള മതിപ്പ് എടുത്തുകളയാനാണോ ചിലർ നിയോഗിതരായിരിക്കുന്നത് എന്ന് തോന്നിപ്പോകും. മറുവശത്തു നിൽക്കുന്ന വ്യക്തി ആരായാലും ബഹുമാനമില്ലാതെ നാം സംസാരിക്കരുത്.അല്ലാഹുവിലേക്ക് വിളിക്കുന്നവരേക്കാൾ നല്ലത് പറയുന്ന മറ്റാരുണ്ട് എന്ന് വേദം ചോദിക്കുന്നത് നമ്മൾ കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ അത് ചെവിയിൽ കേൾക്കണം. ഹൃദയത്തിൽ വാങ്ങണം. അപ്പോൾ നാം പരിശുദ്ധരാകും. നമ്മുടെ സംസാരവും പരിശുദ്ധമാകും. അതിലൂടെ ഇസ്‌ലാമിന്റെ ശുദ്ധത ലോകം അറിയും. കണ്ടോ, നല്ല വാക്കിന്റെ ഫലം? അതിന്റെ വേരുകൾ ഭൂമിയിലാഴ്ന്നതാണ്. ചില്ലകൾ സ്വർഗത്തിലേക്ക് പടർന്നതാണ്.
ഇസ്‌ലാമിൽ നിന്ന് പുറത്തുപോയിട്ട് ഇസ്‌ലാമിനെ വിമർശിക്കാൻ വരുന്നവരോട് തർക്കിക്കാൻ പോകേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്‌ലാമിക നിയമങ്ങൾ അവർക്ക് തൃപ്തികരമല്ല എന്നു കണ്ട് പോയതാകും. മറ്റെന്തെങ്കിലും ഭൗതിക പ്രലോഭനങ്ങളിൽ വീണതാകാം. ആഗ്രഹപൂർത്തീകരണത്തിന് പോയതാകാം. അതിന് മറുപടി പറയാൻ നാം സഭ്യമല്ലാത്ത ശരീരഭാഷയുമായി ചെല്ലുന്നതോടെ കമന്റ്‌ ബോക്സിൽ പല മതക്കാരും വന്നു അടിയാണ്. അവസാനം ഇസ്‌ലാമിന് കിട്ടുന്ന പഴി തീവ്രവാദ മതം എന്ന ദുഷ്്പേരാണ്. ഇങ്ങനെയൊരു ദുഷ്്പേര് മുത്തുനബിയുടെ പരിശുദ്ധ മതത്തിന് നാം വാങ്ങിക്കൊടുക്കരുത്. ഒരു പക്ഷേ നിങ്ങളുടെ കൗണ്ടർ ട്രോളുകൾ അപ്പോഴേക്ക് വൈറൽ ആയിട്ടുണ്ടാകും.

കാഴ്ചക്കാർ കൂടിയിട്ടുണ്ടാകും. ലൈക്ക് പെരുകിയിട്ടുണ്ടാകും.
യൂട്യൂബ് വരുമാന വർദ്ധനവിൽ നിങ്ങൾ മികച്ച ചുവട് വെച്ചിട്ടുണ്ടാകും. പക്ഷേ അല്ലാഹുവിന്റെ മതത്തിന് വന്ന അപഖ്യാതി ആര് തുടച്ചു നീക്കും?. ദൈവത്തിലേക്ക് മടങ്ങാനുള്ളതല്ലേ നമുക്ക്? ആരുണ്ടാകും തുണക്ക്, ശിപാർശക്ക്?. ഭയക്കണം നാം നാളത്തെ വിചാരണയെ.

അതിനാൽ നാം നമ്മൾ പറയുന്ന പൊയ്്വാക്കുകൾക്ക്, പരിഹാസത്തിന് ഇസ്‌ലാമിന്റെ മുദ്ര അടിക്കാതിരിക്കുക.

രാഷ്ട്രീയ ചർച്ചകൾ, പീഡനക്കേസുകൾ, ഗോസിപ്പുകൾ, പെട്രോളിന് വിലകയറ്റം തുടങ്ങിയ ഭൗതിക കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്ത് നാം വന്ന് പറയുന്ന കാര്യങ്ങൾക്ക് ഇസ്‌ലാമിക മറുപടി എന്ന് പറഞ്ഞ് ആധികാരികത അഭിനയിക്കരുത്. ഇതൊക്കെ വിശ്വാസികൾക്ക് ചേരാത്ത കാര്യങ്ങളാണ്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ താല്പര്യം ഉള്ളവർ സ്വന്തം അഭിപ്രായം എന്ന് പ്രത്യേകം പറയുക.

വിശ്വാസികൾക്ക് ഉപകാരപ്പെടുന്ന അടിസ്ഥാന പാഠങ്ങൾ നൽകുന്ന ചാനലുകൾ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. അവരാകട്ടെ പലരും സ്വന്തം പേരിലാണ് ഇത്തരം കാര്യങ്ങൾ പബ്ലിഷ് ചെയ്യുന്നത്. എത്ര മാന്യമായ ഇടപെടലാണത്.
ഇസ്‌ലാമിന്റെ സേവകർ ആകണമെന്ന ഉദ്ദേശ്യത്തോടുകൂടി മതപഠനം പൂർത്തിയാക്കുന്നവർ പഠിക്കുന്ന കാലത്ത് ആത്മീയത കൈവരിച്ച് ആഴത്തിൽ പഠിക്കേണ്ടതല്ലേ? പക്ഷേ പലപ്പോഴും അവർ ഗുരുവര്യന്മാരെ നിന്ദിക്കുന്ന വിധത്തിൽ അബദ്ധങ്ങൾ സംസാരിക്കുന്നത് എത്ര ഖേദകരമാണ്. പൈലറ്റിന്റെ അബദ്ധം വിമാനത്തിലിരിക്കുന്നവരെ മാത്രമേ ബാധിക്കൂ. എന്നാൽ ഒരു മതപഠിതാവിന്റെ അബദ്ധങ്ങൾ ഒരു വിശ്വാസസമുദായത്തെ ആകെ ബാധിക്കും. ഹദീസ്, തജ്‌വീദ് പോലെ ഉപകാരമുള്ള ചാനലുകൾക്ക് കാഴ്ചക്കാരില്ല. അവിടെ അറിവ് പറയുന്നു. ആവശ്യമുള്ളവർക്ക് നേടാം. അല്ലാതെ നിങ്ങൾ വേഗം കമന്റ്‌ ചെയ്യൂ, വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ എന്നൊന്നും പറയുന്നില്ല. ഇങ്ങനെ ഒരു 10% മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ബാക്കിയുള്ളവർ ഭാര്യയെ പ്രസവത്തിനു കൂട്ടികൊണ്ട് പോകുന്നതും അപ്പം ചുടുന്നതും, തെങ്ങിന് തടം എടുക്കുന്നതും, ഉമ്മ ഉണ്ടാക്കിയ പലഹാരം കഴിക്കുന്നതും തുടങ്ങി ആവശ്യമില്ലാത്ത കാര്യങ്ങൾ ചിത്രീകരിച്ച് അപ്്ലോഡ് ചെയ്യുന്നു. കൂടാതെ ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുമ്പോൾ സംസാരിക്കാമെന്നു പറഞ്ഞ് ലൈവിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. അവിടെ ഒരു വിശ്വാസി ആണെന്ന സ്വബോധം നഷ്ടപ്പെട്ടു പെരുമാറുന്നു. ചായ കുടിച്ചോ, മഴയുണ്ടോ തുടങ്ങിയ കാര്യങ്ങളും, വണ്ണം കുറയാനും നീളം വെക്കാനുമുള്ള പൊടിക്കൈകളും പറഞ്ഞ് ഇസ്‌ലാമികജ്ഞാനത്തിന്റെ എല്ലാ സൗന്ദര്യവും കളയുന്നു. ഇതൊക്കെ കാണുമ്പോൾ മറ്റുള്ളവർക്ക് ഇസ്‌ലാമിനോടും വിശ്വാസികളോടും തോന്നുന്ന വികാരം പുച്ഛമായിരിക്കും. 100 ജ്ഞാനികൾ ഉണ്ടാകുന്നു എന്നതിനെക്കാൾ അതിൽ ഒരാൾ ഇസ്‌ലാമിനെ എങ്ങനെ പ്രചരിപ്പിക്കുന്നു എന്നതാണ് ചോദ്യം.
ചാനലിൽ വീഡിയോ അപ്്ലോഡ് ചെയ്യാനായി സ്ഥിരമായി നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വിഷയമാക്കുന്നവരുണ്ട്. ഇതിനുപകരം പ്രവാചക ചരിത്രങ്ങൾ, വിശ്വാസികളുടെ ചരിത്രങ്ങൾ തുടങ്ങി അവസാനിക്കാത്ത എത്രയോ വിഷയങ്ങളില്ലേ സംസാരിക്കാൻ. ഒരായുസ്സ് മുഴുവൻ പറഞ്ഞുതീർക്കാൻ കഴിയാത്ത സാഗരം ആണ് മുത്ത്നബി. അതല്ലേ നാം പരിചയപ്പെടുത്തേണ്ടത്. പകരം കണ്ടാൽ അറയ്ക്കുന്ന രീതിയിലുള്ള ക്യാപ്ഷനും അതിനിടയിൽ ശുഭ്രവസ്ത്രമണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും കുത്തികയറ്റി ഒരു സെക്സോളജിസ്റ്റോ ഗൈനക്കോളജിസ്റ്റോ സംസാരിക്കേണ്ട വിഷയങ്ങൾ ദിനംതോറും അപ്‌ലോഡ് ചെയ്യുന്നവരുണ്ട്. എന്നിട്ട് പറയുന്നത് ഇസ്‌ലാമിക വിധി “ഇങ്ങനെയാണ്’ എന്നാണ്. ഇത്തരം വിഷയങ്ങൾ അപ്്ലോഡ് ചെയ്യുന്നതിലൂടെ ഇത്തരക്കാർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഒരാളുടെ സ്വകാര്യജീവിതത്തിൽ നടക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു പല മോശമായ കാര്യങ്ങളിലേക്കും വഴിയൊരുക്കുന്നു. ഇസ്‌ലാമിൽ ഇതുമാത്രമാണോ വിശ്വാസികളെ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച ധാരാളം അമുസ്‌ലിം സുഹൃത്തുക്കളുണ്ട്.

അതുപോലെ ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം ഉണ്ട്. ഇസ്‌ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ മറ്റോ എടുത്ത്, അത് വാങ്ങി പണം ഹദ് യ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നു. തൊട്ടു പിന്നാലെ ഇന്ന വ്യക്തി ഇത്ര ഹദ് യ ചെയ്തു എന്ന വാർത്തയും. അമ്പതോ നൂറോ വിലമതിക്കുന്ന പുസ്തകങ്ങൾക്ക് ഹദ് യ നൽകിയവരുടെ ലിസ്റ്റിൽ ആയിരമോ പതിനായിരമോ നൽകിയതായി കാണുന്നു. അല്ലെങ്കിൽ അവർ കാണിക്കുന്നു. ആല്ലാഹു ബറകത് ചെയ്യട്ടെ എന്ന് അതിന് താഴെ പ്രാർത്ഥനയും. അത് തീർത്തും ഇസ്‌ലാമിലേക്കുള്ള ഒരു വിശ്വാസിയുടെ ദാനമാവാം. എന്നാൽ ഇത്തരം വിഷയങ്ങൾ വ്യക്തിഗതമായി നടപ്പാക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന അപകടം മനസ്സിലാകാതെ പോകരുത്. വ്യക്തികൾ ഇത്തരം രീതികളിലൂടെ ആധികാരികതയില്ലാതെ പണം സ്വരൂപിക്കുന്നത് ശരിയാണോ?
ഇസ്‌ലാമിക നയം പറയുന്നിടത്തും ആശയവിമർശനത്തിന്റെ കാര്യത്തിലും ചില ആലോചനകൾ നല്ലതാണ്. വിമർശിക്കേണ്ട വിഷയം മനസ്സിലാക്കി യോഗ്യരായ ആളുകളെ ഈ രംഗത്ത് നിയോഗിക്കാവുന്നതാണ്. അയോഗ്യർക്ക് ഇവിടെ വിളയാടാൻ പറ്റരുത്. അത് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കും.

എന്റെ കാര്യം പറയാം. ഞാൻ സോഷ്യൽമീഡിയ ഉപയോഗിച്ചല്ല ഇസ്‌ലാമിനെ പഠിച്ചത്. ഇസ്‌ലാം ഞാൻ ഇഷ്ടപ്പെടാത്ത ഒരു മതമായിരുന്നു. അല്ലാഹുവിനെ അറിഞ്ഞ ഒരു ജ്ഞാനിയാണ് എനിക്ക് വഴികാട്ടിയത്. അദ്ദേഹം പറഞ്ഞു: ഇന്ന് കാണുന്ന മുസ്‌ലിംകളെയല്ല, പ്രവാചകനെയാണ് അറിയാൻ ശ്രമിക്കേണ്ടത്.
ഞാൻ ആ ജ്ഞാനി ചൂണ്ടിക്കാട്ടിയ വഴിക്ക് തന്നെ പോയി. പ്രവാചക ജീവിതം പഠിക്കാൻ ശ്രമിച്ചു.

ഈ വിശ്വാസത്തിലേക്ക് എത്താൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു. എന്നാൽ പോലും ആ ഉസ്താദിന്റെ നല്ല വാക്കുകൾ ആണ് ഇസ്‌ലാമിനെ മനസ്സിലാക്കാൻ എന്നെ സഹായിച്ചത്. അങ്ങനെ അല്ലാഹുവിനെ അറിഞ്ഞ വ്യക്തികൾ ഉണ്ട്. എന്റെ കണ്ണിൽ അവരാണ് യഥാർത്ഥ മത വിശ്വാസി.

ഡോ. ഫാദില

You must be logged in to post a comment Login