സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

കേരളം അതിന്റെ ബഹുസ്വര മതേതര ജീവിതത്തിന്റെ ചരിത്രത്തില്‍ അഭിമാനത്തോടെ രേഖപ്പെടുത്തേണ്ട ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കൊടും വര്‍ഗീയതയുടെ വലിയ കാട്ടു തീക്ക് പോലും സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം സുഭദ്രമാണ് നമ്മുടെ ഈ നാടിന്റെ അടിയുറപ്പ്. അത് സ്വാഭാവികമായി ഉണ്ടായി വന്നതല്ല. അതിനായി അഹോരാത്രം പരിശ്രമിച്ച, പരിശ്രമിച്ചുകൊണ്ടേ ഇരിക്കുന്ന, പ്രകോപനങ്ങളുടെ നാനാതരം കൊടുവാളുകള്‍ മുഖാമുഖം വരുമ്പോഴും എന്റെ നാട്, എന്റെ നാട് എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, സമചിത്തതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹാവിളംബരങ്ങള്‍ ഓരോ വാക്കിലും നോക്കിലും നിറയ്ക്കുന്ന മഹത്തുക്കളായ മലയാളി മനുഷ്യരോട് നമ്മുടെ നാട് കടപ്പെട്ടിരിക്കുന്നു. ആ മനുഷ്യരെ നമുക്ക് അഗാധമായി അഭിവാദ്യം ചെയ്യാം.

മണ്ണഞ്ചേരിയിലേത് ആസൂത്രിത പ്രകോപനമായിരുന്നു. രണ്ട് മനുഷ്യര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ രൂപങ്ങളില്‍ ഒന്നിന്റെ സംസ്ഥാന സെക്രട്ടറി. മറ്റേയാള്‍ പൊളിറ്റിക്കല്‍ ഹിന്ദുവിന്റെ രാഷ്ട്രീയ പ്രയോഗമായ ബി.ജെ.പിയുടെ സംസ്ഥാന നേതാവ്. ഇത്തരം കൊലപാതകങ്ങള്‍ കേരളത്തെ സംബന്ധിച്ച് അതിശയത്തിന് വകയുള്ള ഒന്നല്ല. കേരളത്തില്‍ പലയിടങ്ങളില്‍ പൊതു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട്. കൊലക്ക് പകരം കൊല എന്ന നാഗരികതയുടെ വിപരീതത്തിലുള്ള പ്രയോഗങ്ങള്‍ ഇന്നാട്ടില്‍ നടക്കാറുണ്ട്. പക്ഷേ, മണ്ണഞ്ചേരിയിലേത് അത്തരത്തില്‍ ഒന്നായിരുന്നില്ല. ആരെ എന്നതിനെക്കാള്‍ കൊല്ലുക എന്നത് പ്രയോഗത്തില്‍ വന്നു. അത് ദാരുണമായ ഒരവസ്ഥയാണ്. ഭീകരതയുടെ മുഖമാണ്. അതില്‍ രാഷ്ട്രീയമല്ല, മറിച്ച് മനുഷ്യരാശി കൊടും വിപത്തായി പരിഗണിക്കുന്ന മതഭീകരതയുടെ ആവിഷ്‌കാരമാണ് ഉണ്ടായിരുന്നത്. മണ്ണഞ്ചേരി സൃഷ്ടിച്ച നടുക്കത്തിന്റെ കാരണം അതാണ്. വിശദമാക്കാം.

മണ്ണഞ്ചേരി പരിചിത ദേശമാണ്. നിരവധി തവണ പോവുകയും പാര്‍ക്കുകയും ചെയ്തിട്ടുള്ള നാട്. രാഷ്ട്രീയം തിളച്ചു മറിയുകയും ഓരോ വാക്കിലും കക്ഷിരാഷ്ട്രീയം വിതറുകയും ചെയ്യുന്ന നാടുകള്‍ കേരളത്തിലുണ്ട്. പല ഘട്ടങ്ങളില്‍ അത്തരം നാടുകളില്‍, സംഘര്‍ഷ കാലത്തും സമാധാന കാലത്തും പോകേണ്ടി വന്നിട്ടുണ്ട്. അവിടത്തെ പ്രഭാതങ്ങള്‍, ചെറിയ ചായപ്പീടികകളിലെ നാട്ടുകൂട്ടങ്ങള്‍ ഒക്കെ അനുഭവിച്ചിട്ടുണ്ട്. തലശ്ശേരിക്കടുത്ത പാനൂര്‍ തൊണ്ണൂറുകളുടെ അവസാനമെല്ലാം അത്തരം രാഷ്ട്രീയ ദേശമായിരുന്നു. പാനൂര്‍ പോലെ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. പാനൂരില്‍ നിങ്ങള്‍ അക്കാലങ്ങളില്‍ കാണുക വീര്‍ത്തുകെട്ടിയ മുഖമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെയാണ്. എതിര്‍ പാര്‍ട്ടിയിലെ മനുഷ്യരെ സംശയത്തോടെ കാണുന്ന രീതി. ഇപ്പോള്‍ അതെല്ലാം മാറിയിട്ടുണ്ട്. തുടക്കത്തില്‍ പറഞ്ഞതുപോലെ സ്വമേധയാ സംഭവിച്ചതല്ല. വലിയ മനുഷ്യര്‍ ഇടപെട്ട് മാറ്റിയതാണ്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള, കൊലപാതകങ്ങളില്‍ പങ്കാളികളോ സാക്ഷികളോ ആയ പലരെയും അക്കാലങ്ങളില്‍ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ പലരും ഇപ്പോഴും പരിചിതരാണ്. സംഘര്‍ഷത്തെക്കുറിച്ചുള്ള, (സംഘര്‍ഷമെന്നത് നാഗരികമായ ഒരു വാക്കാണ്. വാസ്തവത്തില്‍ അതെല്ലാം അക്രമണങ്ങളാണ്). അതില്‍ ഏര്‍പ്പെട്ടവരുടെ വീരസ്യം പറച്ചിലുകള്‍ക്ക് പലവട്ടം കേള്‍വിക്കാരനായ അനുഭവമുണ്ട്. പക്ഷേ, മണ്ണഞ്ചേരി അത്തരം ഒരു സ്ഥലമല്ല. മണ്ണഞ്ചേരി അടിമുടി രാഷ്ട്രീയം പേറുന്ന ഇടമല്ല. പണിയെടുത്ത് ജീവിക്കുന്ന മനുഷ്യര്‍. സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുകയും അതിനായുളള പരിശീലനങ്ങള്‍ക്ക് ചെറുകൂട്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള പ്രദേശം. വിശ്വാസി മുസ്‌ലിമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം. സംഘര്‍ഷങ്ങളുടെ ഭൂതകാലമൊന്നും മണ്ണഞ്ചേരിക്കില്ല.

ക്രൂരമായ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ തുടര്‍ ദിവസങ്ങളില്‍ മണ്ണഞ്ചേരിയിലെ സുഹൃത്തുക്കളോട് പലവട്ടം സംസാരിച്ചിരുന്നു. ഇത്തരത്തില്‍ ആസൂത്രിതമായ കൊലപാതകത്തിന് മണ്ണൊരുക്കാന്‍ പാകത്തില്‍ മണ്ണഞ്ചേരിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു എന്റെ ആരായലുകള്‍. ആ നാടിനെ കൈവള്ളയില്‍ അറിയുന്ന സുഹൃത്തുക്കളാണ് അവരെല്ലാം. ഒന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു മറുപടി. അത് വസ്തുതയാണ്. പക്ഷേ ആ വസ്തുത ഭയപ്പെടുത്തുന്ന ഒന്നാണ്.
രാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പതിവായിരുന്ന പ്രദേശങ്ങളെ ഓര്‍ക്കാം. അവിടങ്ങളില്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ മൂന്നും നാലും കൊലപാതകങ്ങള്‍ ഉണ്ടായ ചരിത്രമുണ്ട്. ആ നാടുകളും ദേശ മനുഷ്യരുമെല്ലാം അത്തരം സംഘര്‍ഷാത്മകതയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടവര്‍ കൂടി ആയിരുന്നു. ഏതു നിമിഷവും കൊലപാതകങ്ങള്‍ സംഭവിച്ചേക്കാമെന്ന് ആ നാടുകളുടെ വൈകാരിക ഭൂമിശാസ്ത്രം അക്കാലങ്ങളില്‍ മുഖത്തെഴുതി വെച്ചിരുന്നു. മണ്ണഞ്ചേരിയില്‍ എവിടെയും നിങ്ങള്‍ക്ക് അത്തരം മുഖത്തെഴുത്തുകള്‍ കാണാന്‍ കഴിയുമായിരുന്നില്ല. ആ രണ്ടു മനുഷ്യരും കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെ ഒരു വാള്‍ത്തലപ്പിലേക്ക് താന്‍ സഞ്ചരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല. അത് ഭയാനകമാണ്. അത് കലാപം സൃഷ്ടിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

സംഘപരിവാറിന് കേരളത്തെ സംബന്ധിച്ച് അസഹിഷ്ണുതകള്‍ ഉണ്ട്. അത് സ്വാഭാവികമാണ്. നാഗ്പൂരിന്റെ ഇന്ത്യന്‍ പദ്ധതി പ്രദേശങ്ങളില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതും കേരളമായിരുന്നു, കണ്ണൂരായിരുന്നു. ഇന്നാടിന്റെ നവോത്ഥാന ചരിത്രവും ഹിന്ദുമുസ്‌ലിം സഹവര്‍ത്തിത്തത്തിന്റെ സാമ്പത്തിക അടിവേരുകളും, കേരളീയ മുസ്‌ലിമിന്റെ ഇതര ഇന്ത്യന്‍ ദേശങ്ങളില്‍ നിന്ന് അമ്പേ വ്യത്യസ്തമായ ആത്മീയ സഞ്ചാര ചരിത്രവും സംഘപരിവാരത്തിന് ഒട്ടും തിരിഞ്ഞില്ല. അതിനാൽതന്നെ അവരുടെ പദ്ധതികളെല്ലാം മുളയിലേ പാളി. വിദ്വേഷം അട്ടത്ത് വെച്ച് സഹവര്‍ത്തിത്തത്തിന്റെ മുഖംമൂടി ധരിച്ച ഘട്ടങ്ങളില്‍ അവര്‍ക്ക് ചില്ലറ രാഷ്ട്രീയ സ്വാധീനങ്ങള്‍ സാധിക്കുകയും ചെയ്തു. ഒ രാജഗോപാല്‍ ആയിരുന്നല്ലോ അവരുടെ ആദ്യത്തെയും അവസാനത്തെയും എം.എല്‍.എ. രാഷ്ട്രീയമായ മുഴുവന്‍ പരിശ്രമങ്ങളും പരാജയപ്പെട്ട സംഘപരിവാരം ഏതു വിധേനയും ഒരു സംഘര്‍ഷം സൃഷ്ടിച്ച്, ഹിന്ദു ധ്രുവീകരണമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, കേരളത്തില്‍ അത് സാധിച്ചിരുന്നില്ല. അതിന്റെ കാരണം നാം പലവട്ടം പറഞ്ഞ കേരളത്തിലെ ഹിന്ദു-മുസ്‌ലിം ജീവിതത്തിന്റെ തിരിച്ചറിയാന്‍ പോലും പറ്റാത്ത ഇഴയടുപ്പമാണ്. ഊടേത് പാവേത് എന്നു വേര്‍തിരിക്കാന്‍ പറ്റാത്ത അത്ര സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും അത് കലര്‍ന്നുകിടക്കുന്ന ഒന്നാണ്. ഊടും പാവും എന്നത് ഉചിതമായ ഉപമയാണ്. വസ്ത്രമായി പരിണമിച്ചാലും ഊടിനും പാവിനും അതിന്റെ അടിസ്ഥാന സ്വത്വം നഷ്ടമാകുന്നില്ലല്ലോ? കേരളത്തിലെ ഹിന്ദു-മുസ്‌ലിം ജീവിതത്തിലെ ഈ ഭാവം വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. അങ്ങനെ ബലവത്തായി തീര്‍ന്ന ഒരു സാമൂഹിക ക്രമത്തെ മതാത്മകമായി പിളര്‍ത്തല്‍ എളുപ്പമല്ല. പക്ഷേ, സംഘര്‍ഷത്തിലൂടെ മാത്രമാണ് സംഘപരിവാരം പോലെ മിലിട്ടന്‍സി അനിവാര്യമായ ഒരു സംഘടനക്ക് നിലനില്‍ക്കാനാവൂ. അതിനാല്‍ അവര്‍ പലഘട്ടങ്ങളില്‍ സംഘര്‍ഷത്തിനൊരുമ്പെടാറുണ്ട്. ചരിത്രത്തില്‍ ഇതെല്ലാമുണ്ട്. പക്ഷേ, ഒരുമ്പെടലുകള്‍ പലതലത്തില്‍ തുടക്കത്തിലേ ചെറുക്കപ്പെടും. സി.പി.എം കേരളത്തില്‍ അത്തരം ചെറുക്കലുകള്‍ നടത്താറുള്ള പാര്‍ട്ടിയാണ്. അതിനാലാണ് കേരളത്തില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷങ്ങള്‍ ധാരാളമായി സംഭവിക്കുന്നത്. പക്ഷേ, സംഘപരിവാര്‍ ആഗ്രഹിക്കുന്നത് അതല്ല. എതിര്‍ വശത്ത് സംഘര്‍ഷപ്പെടാന്‍ മുസ്‌ലിം ചിഹ്‌നം ഉണ്ടാകണമെന്നാണ്. അതുണ്ടാകാറില്ല. അതുണ്ടായതിനാലാണ് ഉത്തരേന്ത്യയില്‍, കര്‍ണാടകയില്‍ നാമിന്ന് കാണുന്ന രാഷ്ട്രീയ നില സംഭവിച്ചത്. ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് വാഴ്ചക്കാലം ഓര്‍ക്കുക. ജാതി വോട്ടുകള്‍ ലക്ഷ്യം വെച്ച് അവര്‍ നടത്തിയ പ്രീണനങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ആണിക്കല്ലുകളായിരുന്നു. കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. സ്വാഭാവികമായി ഉണ്ടാകാതിരുന്നതല്ല. മനുഷ്യര്‍ പണിയെടുത്ത് അങ്ങനെ മാറ്റിയതാണ്.

നാഗ്പൂരിന്റെ ഇന്ത്യന്‍ പദ്ധതികളുടെ പരീക്ഷണ ശാലകളില്‍ ഒന്ന് കേരളത്തിലെ കണ്ണൂരാണെന്ന് പറഞ്ഞുവല്ലോ. ആ പരീക്ഷണം നിങ്ങള്‍ തലശ്ശേരിയിലാണ് അതിന്റെ ഭീകരരൂപത്തില്‍ കണ്ടത്. കൊലപാതകങ്ങളെക്കാള്‍ നുണപാതകങ്ങളാണ് തലശ്ശേരിയില്‍ പ്രയോഗിക്കപ്പെട്ടത്. തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ട് നമുക്ക് മുന്നിലുണ്ട്. മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് സംസ്ഥാനമാകെ കലാപം പടര്‍ത്തി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസ് ശ്രമങ്ങളെ കയ്യോടെ തടഞ്ഞത് പ്രദേശത്തെ സി.പി.എമ്മിന്റെ ഇടപെടലാണെന്ന് കമ്മീഷന്‍ അടിവരയിടുന്നുണ്ട്. നോക്കൂ, തലശ്ശേരിയിലെ പാളിപ്പോയ കലാപമാണ് പില്‍ക്കാല കേരളത്തെ സംഘാക്രമണത്തില്‍ നിന്ന് പരിധി വരെയെങ്കിലും സംരക്ഷിച്ചത്. തലശ്ശേരിയില്‍ പാളിയത് പാളിത്തന്നെ തുടര്‍ന്നു. മാറാടില്‍ സംഭവിച്ചത് മറ്റൊന്നാണ്. അതും പടര്‍ന്നില്ല.

വര്‍ഗീയമായി പിളര്‍ത്തുക, ആ പിളര്‍പ്പിനെ സംഘര്‍ഷത്തിലേക്കും സംഘട്ടനത്തിലേക്കും വളര്‍ത്തുക, അതുവഴി മുസ്‌ലിം വിരുദ്ധത ഉറപ്പിക്കുക എന്നത് ഒട്ടും രഹസ്യമല്ലാത്ത അജണ്ടയാണ് സംഘപരിവാറിന്. കാരണം ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കല്‍ അവരുടെ ലക്ഷ്യമാണ്. അതിന് ആദ്യം ഉണ്ടാകേണ്ടത് ഹിന്ദു ധ്രുവീകരണമാണ്. ഒരു മതം എന്ന നിലയില്‍ ഏകരൂപമില്ലാത്ത ഹിന്ദുവിന് അമ്മട്ടില്‍ ധ്രുവീകരണം അത്ര എളുപ്പമല്ല. അനേകമായി ചിതറിയ, അകലീകൃത സ്വഭാവമുള്ള ഈ മതത്തെ ഏകീകരിക്കലും ആ ഏകീകൃത ശക്തിയെ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിക്കലും 1920-കള്‍ മുതല്‍ പലതരം സംഘടനകളുടെ ലക്ഷ്യമായിരുന്നു. അക്കാര്യത്തിന്മേല്‍ സൈദ്ധാന്തികമായ അന്വേഷണങ്ങള്‍ കാര്യമായി നടത്തിയത് സവര്‍ക്കറാണെന്ന് നമുക്കറിയാം. ഏകീകരണത്തിനുള്ള ഏക ഉപാധിയായി ഹിന്ദുത്വ സൈദ്ധാന്തികര്‍ മുന്നോട്ടു വെക്കുന്നത് അന്യവത്കരണവും അപര മത വിദ്വേഷവുമാണ്. മുസ്‌ലിം എന്ന അപരത്വത്തെ നിര്‍മിച്ച് സംഘര്‍ഷപ്പെട്ട് ഹിന്ദു ധ്രുവീകരണം സാധ്യമാക്കുക. ഗുജറാത്തില്‍ ഇരുപതാണ്ട് മുമ്പ് നടന്ന ആസൂത്രിത വംശഹത്യ ഈ നയത്തിന്റെ പരിണിതഫലമായിരുന്നു അഥവാ വിളവായിരുന്നു. ഗുജറാത്ത് ഒറ്റപ്പെട്ട ഒന്നല്ല എന്നും വിശാല ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടാണെന്നും ഇന്ന് നാം മനസിലാക്കുന്നുണ്ട്. ആ ചുവട് പാടേ തെറ്റിയത് കേരളത്തിലാണ്. അതിനു കാരണം ഇന്നാട്ടിലെ മുസ്‌ലിം ജനതയുടെ വിശ്വാസ ജീവിതത്തിന്റെ സവിശേഷതയും ഇടകലരല്‍ സംസ്‌കാരത്തിന്റെ ബലവുമാണ്. ആ ബലത്തെ തകര്‍ക്കാനുള്ള പരീക്ഷണങ്ങളില്‍ ഒന്നാണ് മണ്ണഞ്ചേരിയില്‍ നടന്നത്.
കേരളീയ മുസ്‌ലിമിനെ അപരവത്കരിക്കാനും അപകടത്തിലാക്കാനുമുള്ള ഒരു ശ്രമവും നടക്കാതെ പോയത് അവരില്‍ മഹാഭൂരിപക്ഷം വരുന്ന ജനത മതത്തെ ആത്മീയ വ്യവഹാരമായും സമ്പൂര്‍ണ ജീവിതപദ്ധതിയായും മനസിലാക്കിയതുകൊണ്ടാണ്. അങ്ങനെ ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത പദ്ധതിയായി മനസിലാക്കുമ്പോള്‍, ആത്മീയ ജീവിതമായി മനസിലാക്കുമ്പോള്‍ ആര്‍ദ്രവും സ്‌നേഹപൂര്‍ണവും കരുണാമയവുമായ ഒന്നായാണ് മതം പ്രകാശിതമാവുക. അതായത് ഹിംസയുടെ ഭാഷയില്‍, അക്രമത്തിന്റെ ഭാഷയില്‍, ആക്രോശത്തിന്റെയും വെല്ലുവിളിയുടെയും ഭാഷയില്‍, വിദ്വേഷത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിനെ ആവിഷ്‌കരിക്കാന്‍ കഴിയില്ല. കാരണം മുസ്‌ലിംകള്‍ക്ക് ഞാന്‍ മനസിലാക്കിയിടത്തോളം മതാവിഷ്‌കാരം അഥവാ മതത്തിന്റെ പ്രാക്ടീസിംഗ് വളരെ ശാന്തമായി നിര്‍വഹിക്കേണ്ട ഒന്നാണ്. സ്വാഭാവികമായും അത്തരത്തില്‍ ശാന്തവും സ്വച്ഛവുമായി ആവിഷ്‌കരിക്കപ്പെടുന്ന മതമോ അതിന്റെ വിശ്വാസികളോ മറ്റുള്ളവരില്‍ ഒരു അലോസരവും സൃഷ്ടിക്കില്ല. മറിച്ച് സൗഹാര്‍ദം ഉറപ്പിക്കും.
ഇസ്‌ലാമിന്റെ ഈ സൗന്ദര്യത്തെ പാടേ റദ്ദാക്കുന്ന ഒന്നാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം. ജമാ അത്തെ ഇസ്‌ലാമിയും ഇപ്പോള്‍ കൊല്ലപ്പെട്ട മണ്ണഞ്ചേരിയിലെ ആ യുവാവ് സംസ്ഥാന സെക്രട്ടറി ആയിരുന്ന എസ്.ഡി.പി.ഐയുമൊക്കെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കളാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമില്‍ ഇസ്‌ലാം രണ്ടാം സ്ഥാനത്താണ്. ഇസ്‌ലാമിനെ, അതിന്റെ പ്രവാചകനെ, അതിന്റെ ദൈവ സങ്കല്‍പത്തെ രണ്ടാമതാക്കുക എന്നുപറഞ്ഞാല്‍ അവര്‍ ഇസ്‌ലാമിൽനിന്ന് വിദൂരത്താവുക എന്നതാണ്. അവര്‍ക്ക് മുഖ്യം രാഷ്ട്രീയമാണ്. അധികാരമാണ്. അതിനായി അവര്‍ ഉപയോഗിക്കുന്ന പരിചയാണ് മതം. നോക്കൂ, കോടിക്കണക്കായ മനുഷ്യര്‍ പ്രാണനായി വഹിക്കുന്ന, ജീവിതമായി തിരിച്ചറിയുന്ന ഒരു മതത്തെ അവര്‍ വാളിന്റെ വായ്ത്തലയിലേക്ക് ആട്ടി എറിയുകയാണ്. അവര്‍ പരുഷമായി സംസാരിക്കുന്നു. തങ്ങളില്‍ ഒരുവന്‍ ചോര വാര്‍ന്ന് മരിച്ചപ്പോള്‍ രക്തസാക്ഷിയെ കിട്ടി എന്ന് ആര്‍പ്പുവിളിക്കുന്നു. കേരളം നടുങ്ങുന്നു. ഈ ഇസ്‌ലാമിനെ ഞങ്ങള്‍ക്ക് പരിചയമില്ല എന്ന് പറയുന്നു. അപ്പോള്‍ അവര്‍ അട്ടഹസിച്ചുകൊണ്ട് പറയുന്നു ഞങ്ങളാണ് ഇസ്‌ലാമെന്ന്. അപ്പോള്‍ സംഘപരിവാര്‍ ആഹ്ലാദത്തോടെ പറയുന്നു, നോക്കൂ ഇതാണ് ഇസ്‌ലാം, ഇവരെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്ന്. സംഘപരിവാറിനെ ആനന്ദിപ്പിക്കാന്‍ മുസ്‌ലിമിനെ കൊലക്ക് കൊടുക്കുകയാണ് പൊളിറ്റിക്കല്‍ ഇസ്‌ലാം.

പൊളിറ്റിക്കല്‍ ഇസ്‌ലാം കേരളത്തില്‍ വേരൂന്നാന്‍ നോക്കിയ വഴികള്‍ മറക്കരുത്. അവര്‍ ആദ്യം ആക്രമിച്ചത് ഇവിടത്തെ വിശ്വാസി മുസ്‌ലിംകളെയാണ്. അവരുടെ ബഹുസ്വരവും സൗന്ദര്യഭരിതവുമായ മതാവിഷ്‌കാരങ്ങളെ, ആഘോഷങ്ങളെ, വിശ്വാസങ്ങളെ, കൂട്ടം ചേരലുകളെ, ഇടകലരലുകളെ പരിഹസിച്ചാണ് അവര്‍ തുടങ്ങിയത്. ലോകമെമ്പാടുമുള്ള മനുഷ്യര്‍ ഇങ്ങനെയെല്ലാമാണ് വിശ്വാസ ജീവിതം നയിക്കുന്നത് എന്ന് അവര്‍ക്ക് അറിയാഞ്ഞല്ല. പക്ഷേ, വേരുറപ്പിക്കാന്‍ അവര്‍ നുണകള്‍ എയ്തു. ജനകീയ സമരങ്ങള്‍, ആദിവാസികള്‍, ദളിതര്‍ തുടങ്ങിയ മുഴുവന്‍ ഇടങ്ങളിലും അവര്‍ പലവേഷങ്ങളില്‍ വന്നു. മനുഷ്യാവകാശത്തിന്റെ പോരാളികളായി. അവരല്ലാത്ത മുഴുവന്‍ മുസ്‌ലിംകളെയും സംഘപരിവറിനെക്കാള്‍ ക്രൗര്യതയോടെ അവര്‍ അപരവത്കരിച്ചു. പക്ഷേ അവരുടെ കള്ളങ്ങള്‍, അവരുടെ പൊയ്മുഖങ്ങള്‍ പൊളിഞ്ഞു വീണു.

രാഷ്ട്രീയ ഇസ്‌ലാമും രാഷ്ട്രീയ ഹിന്ദുത്വയും ചേര്‍ന്നുള്ള ഇക്കളിയില്‍ ജീവന്‍ പോകുന്നത് ഇരുകൂട്ടര്‍ക്കുമാവാം. പക്ഷേ, അനാഥമാകുന്ന മറ്റൊന്നുണ്ട്. നമ്മള്‍ ഇതുവരെ സൂക്ഷിച്ച നമ്മുടെ ഇഴയടുപ്പമുള്ള സാമൂഹികത. അതിനെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയ രണ്ടുകൂട്ടരോടും ഒരേ ബലത്തില്‍ ആണ് നാം മതി എന്നുപറയേണ്ടത്. മണ്ണഞ്ചേരിയിലേത് മുളയിലേ നുള്ളി. ഇനി മുളക്കാതിരിക്കാന്‍ കാവല്‍ നില്‍ക്കേണ്ടത് കേരളമാണ്.

കെ കെ ജോഷി

You must be logged in to post a comment Login